ഹൈദരാബാദ്:കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഗണ്യമായി വളർന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ ഇന്ധന ചെലവ്, പരിസ്ഥിതി സൗഹൃദം, സർക്കാർ പിന്തുണ തുടങ്ങി നിരവധി ഘടകങ്ങൾ രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ സ്വാധീനിച്ചിട്ടുണ്ട്. 2024 ജനുവരി 1നും നവംബർ 12നും ഇടയിലുള്ള ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ മൊത്തം റീട്ടെയിൽ വിൽപ്പന 10 ലക്ഷത്തിലധികം കടന്നതായാണ് കണക്കുകൾ.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകളും പുതിയ മാറ്റങ്ങളുമായി വിപണിയിലെത്തുകയാണ് പ്രമുഖ കമ്പനികളുടെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ. ഒല, ടിവിഎസ്, ആതർ, ബജാജ്, ഹീറോ എന്നീ കമ്പനികളുടെ ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പനയിൽ 2024ൽ വൻ വർധവുണ്ടായതായാണ് കണക്കുകൾ. 2024 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് ബൈക്കുകൾ ഏതെല്ലാമെന്നും അവയുടെ സവിശേഷതകൾ എന്തെല്ലാമെന്നും പരിശോധിക്കാം.
ഒല എസ്1 പ്രോ:
പുതുപുത്തൻ സാങ്കേതികവിദ്യയും വിലയും കൊണ്ട് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ്1 പ്രോ. ഉയർന്ന പെർഫോമൻസും ഫ്യൂച്ചറിസ്റ്റിക് സവിശേഷതകളും വാഗ്‌ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ 3,76,550 യൂണിറ്റുകളാണ് 2024 ഡിസംബർ വരെ വിറ്റുപോയത്. വലിയ ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡ്, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, നാവിഗേഷൻ, ഓവർ-ദി-എയർ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഒല എസ്1 പ്രോ മോഡലിനുണ്ട്. മികച്ച റേഞ്ചുള്ള വാഹനത്തിന് മണിക്കൂറിൽ 115 കിലോമീറ്റർ വേഗതയും ലഭിക്കും.
പ്രധാന സവിശേഷതകൾ:
- റേഞ്ച് : 170-200 കി.മീ
- ബാറ്ററി: 4 kWh ലിഥിയം-അയൺ ബാറ്ററി
- ചാർജിങ് സമയം: 6 മണിക്കൂർ
- ഉയർന്ന വേഗത: മണിക്കൂറിൽ 115 കിലോമീറ്റർ
- വില: 1.30 ലക്ഷം മുതൽ 1.40 ലക്ഷം വരെ (എക്‌സ്-ഷോറൂം)
ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക്:
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ആധിപത്യം സ്ഥാപിച്ച ടിവിഎസിന്‍റെ ബൈക്കാണ് ഐക്യൂബ് ഇലക്‌ട്രിക്. 1,87,301 യൂണിറ്റാണ് ഈ വർഷം വിറ്റഴിച്ചത്. വിശ്വാസ്യത, പെർഫോമൻസ്, മികച്ച റൈഡിങ്, മികച്ച ഡിസൈൻ എന്നിങ്ങനെ നിരവധി സവിശേഷതകളാൽ ആളുകൾ മനസിൽ ഇടംപിടിച്ച വാഹനമാണ് ഐക്യൂബ് ഇലക്‌ട്രിക്. മൊബൈൽ ആപ്പ് ഇൻ്റഗ്രേഷൻ, തത്സമയ ഡയഗ്‌നോസ്റ്റിക്‌സ്, റിമോട്ട് ട്രാക്കിങ് തുടങ്ങിയ സ്‌മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്. ഐക്യൂബ് ഇലക്‌ട്രികിന്‍റെ ചാർജിങ് ഇൻഫ്രാസ്ട്രക്‌ചറും വിപുലീകരിച്ചിട്ടുണ്ട്.
പ്രധാന സവിശേഷതകൾ:
- റേഞ്ച്: 75-85 കി.മീ
- ബാറ്ററി:3.0 kWh ലിഥിയം-അയൺ ബാറ്ററി
- ചാർജിങ്: 5 മണിക്കൂർ
- ഉയർന്ന വേഗത: മണിക്കൂറിൽ 78 കി.മീ
- വില: ₹1.10 ലക്ഷം മുതൽ ₹1.25 ലക്ഷം വരെ (എക്‌സ്-ഷോറൂം)
ബജാജ് ചേതക് ഇലക്‌ട്രിക് :
ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ബജാജിൻ്റെ പ്രവേശനം വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ സ്റ്റൈലും പെർഫോമൻസും വിശ്വാസ്യതയും ഒന്നിച്ചുകൊണ്ടുവന്ന് ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കുന്നതിന് ബജാജ് ഓട്ടോ കമ്പനിക്ക് സാധിച്ചു. 1,57,528 യൂണിറ്റുകളാണ് ഈ വർഷം കമ്പനിക്ക് വിറ്റഴിക്കാനായത്. മികച്ച പെർഫോമൻസ്, സ്റ്റൈലിഷ് ഡിസൈൻ, ശക്തമായ ബ്രാൻഡ് ഐഡൻ്റിറ്റി എന്നിവയ്ക്ക് പേരുകേട്ട ഡിസൈനാണിത്. ഇലക്ട്രിക് റീജനറേറ്റീവ് ബ്രേക്കിങ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പ്രീമിയം ബിൽഡ് ക്വാളിറ്റി തുടങ്ങിയ ഫീച്ചറുകളോടെയാണ് ചേതക് വരുന്നത്.
പ്രധാന സവിശേഷതകൾ:
- റേഞ്ച്: 95-105 കി.മീ
- ബാറ്ററി: 4.2 kWh ലിഥിയം-അയൺ ബാറ്ററി
- ചാർജിങ്: 5 മണിക്കൂർ
- ഉയർന്ന വേഗത: മണിക്കൂറിൽ 60 കി.മീ
- വില: ₹1.25 ലക്ഷം മുതൽ ₹1.50 ലക്ഷം വരെ (എക്‌സ്-ഷോറൂം)