മലപ്പുറത്ത് കഞ്ചാവ് വിൽപ്പന സംഘം പൊലീസിന്‍റെ പിടിയിൽ - മലപ്പുറം കഞ്ചാവ് വേട്ട വാർത്ത
മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാണിയമ്പലം ശാന്തിനഗറിൽ വച്ച് വണ്ടൂർ പൊലീസ് 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ സ്വദേശി കോട്ടപറമ്പൻ ഹൗസിൽ സെയ്‌തലവി (41), കാളികാവ് പൂങ്ങോട് സ്വദേശി പിലാക്കൽ നൗഷാദ് (47) എന്നിവരാണ് പിടിയിലായത്. അഞ്ച് പൊതികളിലായി കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ പച്ചക്കറി ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളാക്കി ജില്ലയ്ക്കകത്തും പുറത്തും വിൽപ്പന നടത്തുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രസക്‌ത വകുപ്പുകൾ പ്രകാരം പ്രതികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇവരെ ജൂലൈ ഒന്നിന് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.