കേന്ദ്രസഹായം വോട്ടാക്കാൻ ബിജെപി; ആറ്റുകാലില്‍ പോരാട്ടം കനക്കും
തിരുവനന്തപുരം: ആറ്റുകാല്‍ വാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന്‍റേതുള്‍പ്പെടെ 30 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പാക്കിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി എം.സുനില്‍കുമാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കുടിവെള്ള വിതരണവും വൈദ്യുതി വിതരണവും വാര്‍ഡില്‍ മനപൂര്‍വ്വം തടസപ്പെടുത്തുകയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു. ആറ്റുകാല്‍ വാര്‍ഡിലെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നത്തിനാണ് താന്‍ ശ്രദ്ധപതിപ്പിക്കുകയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രാത്രി ഒമ്പത് മണികഴിഞ്ഞാല്‍ വാര്‍ഡില്‍ കുടിവെള്ളമോ തെരുവുവിളക്കുകളോ ഇല്ലാത്ത സ്ഥിതിയാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആരോപിച്ചു. വാര്‍ഡിന്‍റെ അടിസ്ഥാന വികസനത്തിന് മാറി മാറി വന്ന ഇടതു കൗണ്‍സിലര്‍ക്കോ ബി.ജെ.പി കൗണ്‍സിലര്‍ക്കോ ഒന്നും ചെയ്യാനായിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അനന്തപുരി മണികണ്ഠന്‍ പറഞ്ഞു. രണ്ടും മൂന്നും സെന്‍റുകളില്‍ താമസിക്കുന്നവരുടെ ശൗചാലയ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യാന്‍ വാര്‍ഡില്‍ ഇതുവരെ സ്വീവേജ് സൗകര്യങ്ങള്‍ ഉണ്ടാക്കാനായിട്ടില്ലെന്നും അത് സ്ഥാപിക്കുന്നതിനും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനാണ് മുന്‍ഗണനയെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. ഇ.ടി.വി ഭാരതിന്‍റെ തദ്ദേശം 2020 സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു മൂന്നു സ്ഥാനാര്‍ഥികളും.