മൂന്ന് സ്വർണവും മൂന്ന് റെക്കോഡും; വാശിയോടെ മുന്നേറുമെന്ന് ആൻസി - State School Sports meet 2019
കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാട് കിരീടമുറപ്പിച്ചപ്പോൾ ട്രിപ്പിൾ റെക്കോഡ് സ്വന്തമാക്കി ആൻസി സോജൻ മീറ്റിന്‍റെ താരമായി. ഇന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 200 മീറ്ററില്‍ സ്വർണം നേടിയാണ് ആൻസി മീറ്റിന്‍റെ താരമായത്. നേരത്തെ 100 മീറ്ററിലും ലോങ് ജംപിലും ആൻസി മീറ്റ് റെക്കോഡോടെ സ്വർണം നേടിയിരുന്നു. ദേശീയ തലത്തിൽ നടക്കാനിരിക്കുന്ന കായികോത്സവത്തിൽ വാശിയോടെ മുന്നേറാനാണ് തൃശൂർ നാട്ടിക ഫിഷറീസ് സ്‌കൂൾ വിദ്യാർഥിയായ ആൻസിയുടെ അടുത്ത ലക്ഷ്യം. നാഷണൽ മെഡലുകളും ഒളിമ്പ്യൻമാരും ഉള്ള തൃശൂരിൽ പരിശീലനത്തിനായി സ്റ്റേഡിയമോ ട്രാക്കോ ഇല്ലാത്തത് ഗുരുതരമായ പ്രശ്‌നമാണെന്ന് ആൻസി ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന അത്‌ലറ്റുകൾക്ക് വേണ്ടിയെങ്കിലും സിന്തറ്റിക് ട്രാക്ക് അത്യാവശ്യമാണെന്നും ആൻസി വ്യക്തമാക്കി.