ഡികെ ശിവകുമാറിനെ കണ്ട് വൈ എസ് ശർമിള ; തെരഞ്ഞെടുപ്പില്‍ ഒന്നിക്കാനെന്ന് ചര്‍ച്ചകള്‍ - കോൺഗ്രസ്
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമിള കൂടിക്കാഴ്‌ച നടത്തി. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി പ്രസിഡന്‍റായ ശർമിള തിങ്കളാഴ്‌ച ബെംഗളൂരുവിലുള്ള ഡി കെ ശിവകുമാറിന്‍റെ സദാശിവനഗറിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്. കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിന് കടിഞ്ഞാൺ പിടിച്ച നേതാവുകൂടിയാണ് ഡി കെ ശിവകുമാർ.
ഈ വർഷം തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡികെയുമായുള്ള ശർമിളയുടെ കൂടിക്കാഴ്‌ച. കർണാടകയിലെ വിജയത്തിന് ശേഷം ഡി കെ ശിവകുമാറിനെ പ്രശംസിച്ച് ശർമിള റെഡ്ഡി പങ്കിട്ട ട്വീറ്റും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇരുവരും തമ്മിലുള്ള ചർച്ച അൽപനേരം നീണ്ട് നിന്നെങ്കിലും സന്ദർശനത്തിന്‍റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
also read :വിധാന്‍ സൗധയുടെ പടികളിൽ സാഷ്‌ടാംഗം പ്രണമിച്ച് ഡികെ ശിവകുമാർ; വീഡിയോ വൈറല്‍
തെരഞ്ഞെടുപ്പിന് ശേഷം നിരവധി ആശങ്കകൾ കർണാടകയിലെ മുഖ്യമന്ത്രിക്കസേരയുടെ പേരിൽ ഉയർന്നെങ്കിലും ഹൈക്കമാൻഡ് തീരുമാനത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റിരുന്നു.