സിന്തറ്റിക് മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍ - തൃശൂര്‍ പുതിയ വാര്‍ത്തകള്‍
തൃശൂര്‍: കൊരട്ടിയില്‍ എൽഎസ്‌ഡിയുമായി യുവാക്കള്‍ അറസ്റ്റില്‍. അങ്കമാലി സ്വദേശികളായ റോബിൻ, ഷിനു എന്നിവരാണ് അറസ്റ്റിലായത്. 7 സ്റ്റാർ എൽഎസ്‌ഡിയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഇന്ന് രാവിലെ പൊങ്ങത്ത് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന സിന്തറ്റിക് മയക്കുമരുന്നാണ് സംഘം പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. 2021ൽ ഹരിയാനയിലെ കഞ്ചാവ് കേസിലെ പ്രതിയാണ് റോബിന്‍.
അങ്കമാലി പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയാണ് ഷിനു. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
യുവതലമുറ മയക്കുമരുന്നിന്‍റെ അടിമകള്‍: യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം ദിനം പ്രതി വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് കണ്ണൂരിലെ പുല്ലൂപ്പിക്കടവില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത കേട്ടത്. വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരാള്‍ അറസ്റ്റിലായിരുന്നു.
മട്ടന്നൂര്‍ സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. പ്രതികള്‍ ഉപേക്ഷിച്ച കാറില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത് 1,052 കി.ഗ്രാം ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവും 5.8 ഗ്രാം എംഡിഎംഎയുമായിരുന്നു.