VIDEO | 110 കി.മീ വേഗതയുള്ള ട്രെയിനിൽ നിന്ന് തെറിച്ചുവീണു, 100 മീ തെന്നി നീങ്ങി, പ്ലാറ്റ്‌ഫോമിൽ നിന്ന് എഴുന്നേറ്റ് നടന്ന് യുവാവ് - ട്രെയിൻ
ലക്‌നൗ : ഉത്തർ പ്രദേശിൽ 110 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ് ഫോമിലേയ്‌ക്ക് തെറിച്ച് വീണ യുവാവ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഷാജഹാൻപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. 110 കിലോമീറ്റർ വേഗതയിൽ കടന്നുപോയ പട്‌ലിപുത്ര എക്‌സ്പ്രസിൽ നിന്ന് യുവാവ് പ്ലാറ്റ്‌ഫോമിലേയ്‌ക്ക് തെന്നിവീഴുകയായിരുന്നു.
ട്രെയിനിൽ നിന്ന് വീണതിന് ശേഷം യുവാവ് പ്ലാറ്റ്‌ഫോമിൽ 100 മീറ്ററോളം തെന്നി നീങ്ങി. എന്നാൽ പ്ലാറ്റ്‌ഫോമിൽ നിന്ന എല്ലാവരേയും ആശ്ചര്യപ്പെടുത്തി യാതൊരു പരിക്കുകളും ഇല്ലാതെ യുവാവ് എഴുന്നേറ്റ് നടക്കുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അതേസമയം ഈ വിവരങ്ങൾ ഇടിവി ഭാരതിന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
ട്രെയിൻ തട്ടി വിദ്യാർഥികൾ മരിച്ചു :ശനിയാഴ്‌ച (17.6.2023) കേരളത്തിൽ കൊല്ലം ജില്ലയിൽ സ്‌കൂള്‍ വിദ്യാര്‍ഥികൾ ട്രെയിൻ തട്ടി മരിച്ചിരുന്നു. കൊല്ലത്തെ ചെങ്കോട്ട റെയില്‍പാതയിലാണ് സംഭവം. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കേരളപുരം മാമൂടിന് സമീപത്തുവച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുപോയ മെമു തട്ടിയാണ് മരണം സംഭവിച്ചത്.അപകടം നടന്നയുടൻ ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും കുണ്ടറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്‌തു.