യൂത്ത് കോണ്‍ഗ്രസ് നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, മരക്കഷ്‌ണങ്ങളെറിഞ്ഞ് പ്രവര്‍ത്തകര്‍ - എംഎൽഎമാർക്കെതിരെ കേസ്
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. സ്‌പീക്കർ എ.എൻ ഷംസീറിന്‍റെയും മന്ത്രി മുഹമ്മദ് റിയാസിന്‍റെയും കോലം കത്തിച്ച പ്രവർത്തകർ തുടര്‍ന്ന് പൊലീസിന് നേരെ തിരിയുകയായിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മറുപടിയായി പൊലീസിന് നേരെ പ്രവർത്തകർ മരക്കഷണങ്ങൾ വലിച്ചെറിഞ്ഞു. പ്രവർത്തകരുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.
കഴിഞ്ഞദിവസം നിയമസഭയിലും സ്‌പീക്കറുടെ ഓഫിസിന് മുന്നിലും അരങ്ങേറിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമ്പത് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു. രണ്ട് ഭരണപക്ഷ എംഎൽഎമാർക്കെതിരെയും ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കും എതിരെയാണ് കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോൺ, പി കെ ബഷീർ, ഉമ തോമസ്, കെ കെ രമ, അൻവർ സാദത്ത്, അനൂപ് ജേക്കബ്, ഐ സി ബാലകൃഷ്‌ണൻ എന്നിവര്‍ക്കെതിരെയും എച്ച് സലാം, സച്ചിൻ ദേവ് എന്നീ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെയുമാണ് കേസ്.
പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വനിത വാച്ച് ആന്‍ഡ് വാർഡിന്‍റെ പരാതിയിലും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ വനിതകൾ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരെ ആക്രമിച്ചു എന്ന പരാതിയിലുമാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഭരണപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് ചുമത്തിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാർച്ച് നടന്നത്.