വാഹനാപകടത്തിൽ നിന്ന് യുവാവിന്‍റെ അത്ഭുത രക്ഷപ്പെടൽ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ - സിസിടിവി ദൃശ്യങ്ങൾ
കണ്ണൂർ: ചെറുകുന്ന് പള്ളിച്ചാലിൽ വാഹനാപകടത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്‌ചയാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. കോഴിക്കോട് സ്വദേശിയായ യുവാവ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ പഴയങ്ങാടി ഭാഗത്ത് നിന്നും സ്റ്റീൽ കമ്പികൾ കയറ്റി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോ ബ്രേക്കിടുകയും കമ്പികൾ യുവാവിന്‍റെ നേർക്ക് തെറിച്ച് വീഴുകയായിരുന്നു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്റ്റീൽ കമ്പികളുമായി ദൂരെ നിന്ന് വരുന്ന ഓട്ടോ യുവാവിന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ ഓട്ടോ ബ്രേക്ക് ഇടുമെന്ന ധാരണയിൽ യുവാവും, യുവാവ് നിൽക്കുമെന്ന ധാരണയിൽ ഓട്ടോ ഡ്രൈവറും മുന്നോട്ട് വരികയായിരുന്നു. എന്നാൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവാവിന്‍റെ അടുത്ത് എത്തിയതോടെ ഓട്ടോ സഡൻ ബ്രേക്ക് ഇട്ടു.
ഇതോടെ ഓട്ടോയുടെ മുൻ വശത്തുണ്ടായിരുന്ന കമ്പികൾ യുവാവിന്‍റെ നേർക്ക് തെറിച്ചു വീഴുകയായിരുന്നു. എന്നാൽ കമ്പികൾ ഒന്നും തന്നെ ഇയാളുടെ ശരീരത്തിൽ തട്ടിയില്ല. ഇതോടെ വലിയൊരു അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കമ്പികൾ റോഡിൽ തെറിച്ച് വീണത് കാരണം റോഡിൽ ഏറെ നേരം ഗതാഗത തടസവും നേരിട്ടു.