സാരിയിലും അനായാസം ഡ്രിബിളിങ്ങും ക്രോസും ; വനിതകളുടെ 'ഗോള്‍ ഇന്‍ സാരി' പ്രത്യേക ടൂര്‍ണമെന്‍റിന് സമൂഹമാധ്യമങ്ങളില്‍ കൈയ്യടി
ഗ്വാളിയോര്‍ (മധ്യപ്രദേശ്):ഒരു ചടങ്ങ് പൂര്‍ത്തിയാകുന്നത് വരെ തന്നെ സാരിയുടുത്ത് ഒരുങ്ങിനില്‍ക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവര്‍ ഏറെ കാണും. അതുകൊണ്ടുതന്നെയാവും നവവധുക്കളില്‍ ഭൂരിഭാഗവും സാരിയില്‍ ഒട്ടും കംഫര്‍ട്ടല്ലാതെ കതിര്‍മണ്ഡപങ്ങളില്‍ നില്‍ക്കാറുള്ളതും. അങ്ങനെയെങ്കില്‍ സാരി ധരിച്ച് ഫുട്‌ബോള്‍ കളിക്കുക എന്നതിനെ എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല.
ശാരീരികക്ഷമതയും അധ്വാനവും ഏറെ വേണ്ട ഒരു വിനോദമാണ് ഫുട്‌ബോള്‍ കളി. കളിയിലുടനീളം കൈകാലുകളും ശരീരവും അനായാസം ചലിപ്പിക്കാനാവണമെന്നുള്ളതും ഫുട്‌ബോളില്‍ പ്രധാനമാണ്. എന്നാല്‍ സാരി ധരിച്ച് അനായാസം ഡ്രിബിള്‍ ചെയ്‌തും ക്രോസ് പാസും, ലോങ് പാസും നല്‍കിയും മുന്നേറുന്ന ഒരു കൂട്ടം സ്‌ത്രീകളെയാണ് ഗ്വാളിയോറിലെ എംഎല്‍ബി ഗ്രൗണ്ടില്‍ കണ്ടത്. പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിച്ചുകൊണ്ട് പങ്കെടുക്കുന്ന വിനോദം തങ്ങള്‍ക്ക് സാരിയുടുത്തും സാധ്യമാകുമെന്നുള്ള വിളംബരം കൂടിയായിരുന്നു അത്.
ഒരു വ്യത്യസ്‌ത ടൂര്‍ണമെന്‍റ് :ഗ്വാളിയോറിലെ ഒരു കൂട്ടം ആളുകളാണ് 'ഗോള്‍ ഇന്‍ സാരി' എന്ന ഈ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. രണ്ട് ദിവസത്തിലായി നടന്ന ടൂര്‍ണമെന്‍റില്‍ ഇത്തരത്തില്‍ എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കുകയും ചെയ്‌തു. ഇതില്‍ പച്ച സാരി ധരിച്ച ഗ്രീന്‍ ടീമും, ഓറഞ്ച് സാരി ധരിച്ച ഓറഞ്ച് ടീമും തമ്മിലുള്ള മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വൈറലായത്. എതിരാളികളെ അനായാസം വെട്ടിയൊഴിഞ്ഞ് മുന്നേറുന്ന ഗ്രീന്‍ ടീമംഗത്തെയും അതിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന ഓറഞ്ച് ടീമംഗത്തെയും വീഡിയോയില്‍ കാണാം.
ടൂര്‍ണമെന്‍റിന്‍റെ ആദ്യദിനത്തില്‍ പിങ്ക് ബ്ലൂ, ഓറഞ്ച് എന്നീ ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ പിങ്ക് ബ്ലൂ ടീം വിജയിച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത എല്ലാ താരങ്ങളും 25 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അതേസമയം സ്‌ത്രീകൾ സാരിയിൽ കളിച്ച് മുന്നേറുന്നത് കാണികൾക്ക് ആവേശമായിരുന്നെന്ന് പ്രത്യേക ടൂർണമെന്‍റിന്‍റെ കൺവീനർ അഞ്ജലി ബത്ര പറഞ്ഞു.