ബോണറ്റില്‍ യുവതിയുമായി റോങ് സൈഡില്‍ കാർ സഞ്ചരിച്ചത് അരക്കിലോമീറ്റർ; കേസെടുത്ത് പൊലീസ് - ഹനുമാൻഗഢ്
ഹനുമാന്‍ഗഢ് (രാജസ്ഥാന്‍):ബോണറ്റില്‍ അള്ളിപ്പിടിച്ച് കിടന്ന യുവതിയുമായി റോഡിലൂടെ പാഞ്ഞ് കാര്‍. രാജസ്ഥാനിലെ (Rajasthan) ഹനുമാൻഗഢിൽ (Hanumangarh) ഇന്നലെ (ഓഗസ്റ്റ് 16) ഉച്ചയോടെയാണ് സംഭവം. കാര്‍ ബോണറ്റില്‍ തുങ്ങിക്കിടന്ന യുവതിയേയും കൊണ്ട് വാഹനം 500 മീറ്ററോളം ദൂരം സഞ്ചരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വെളുത്ത നിറത്തിലുള്ള എസ്‌യുവിയുടെ ബോണറ്റിലായിരുന്നു യുവതി കുടുങ്ങിയത്. ഇതിന് പിന്നാലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിരക്കുള്ള ജങ്ഷനില്‍ യുവതിയുമായി കാര്‍ നിരത്തിലൂടെ പായുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാർ തെറ്റായ ദിശയിലാണ് സഞ്ചരിച്ചത്. ഈ വാഹനത്തിന് പിന്നാലെ നിരവധി പേര്‍ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമണ്. അതേസമയം, സംഭവത്തില്‍ പരാതി നല്‍കാന്‍ യുവതി ഇതുവരെയും തയ്യാറായിട്ടില്ല. പൊലീസ് സ്വമേധയ കേസ് എടുത്താണ് നിലവില്‍ വിഷയം അന്വേഷിക്കുന്നത്. കൂടുതല്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഹനുമാൻഗഢ് ജങ്‌ഷന്‍ പൊലീസ് ഇന്‍ചാര്‍ജ് വിഷ്‌ണു ഖത്രി മാധ്യമങ്ങളെ അറിയിച്ചു.