Wild Elephants In Attappadi | പത്ത് കാട്ടാനകള്‍ ജനവാസമേഖലയില്‍ ; അട്ടപ്പാടി ഭീതിയിൽ
Published : Aug 23, 2023, 10:06 AM IST
പാലക്കാട് (Palakkad): അട്ടപ്പാടിയിൽ (Attappadi) ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം(wild elephants). പത്ത് കാട്ടാനകളാണ് ഞായറാഴ്ച രാത്രി ജനവാസമേഖലയിലെത്തിയത്. ദൊഡ്ഡുക്കട്ടിയില്‍ കുട്ടിയാനകളടക്കമുള്ള അഞ്ചംഗ കാട്ടാനക്കൂട്ടം ആദ്യം എത്തി. പുതൂരിൽ നിന്നുള്ള ഫോറസ്റ്റ് വകുപ്പിന്‍റെ (forest department) ആർ.ആർ.ടി (rapid response team) സംഘമെത്തി കാട്ടാനകളെ തുരത്തി. പക്ഷേ പരപ്പൻതറയിലും, തേക്കുവട്ടയിലും വീണ്ടും കാട്ടാനക്കൂട്ടമെത്തി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് കാട്ടാനകളെ കാടുകയറ്റാൻ സാധിച്ചത്. കഴിഞ്ഞയാഴ്ച തലനാരിഴയ്ക്കാണ് പരപ്പൻതറയിൽ വയോധികയടക്കമുള്ള അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയ്ക്ക്, സമാന രീതിയിൽ ഒറ്റയാനെത്തി മണ്ണാർക്കാട് ചിന്നത്തടാകം പ്രധാന റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തെ കുത്തിമറിച്ചിടാൻ പാഞ്ഞടുത്തിരുന്നു. ഒറ്റയാനിൽ നിന്ന് അത്ഭുതകരമായാണ് ഈ കുടുംബം രക്ഷപ്പെട്ടത്. അഗളി സ്വദേശിയായ അലിയും കുടുംബവുമായിരുന്നു കാറില്‍. അതേസമയം മൂന്നാർ, മറയൂർ പ്രദേശങ്ങളിലായി പടയപ്പ വീണ്ടുമിറങ്ങുമ്പോൾ ജനം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട അന്തർ സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങിയ പടയപ്പ ദീർഘനേരം റോഡില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ നാശനഷ്‌ടമുണ്ടാക്കാനോ മറ്റേതെങ്കിലും രീതിയിലുള്ള ആക്രമണം നടത്താനോ മുതിരാതിരുന്നത് ആശ്വാസമായി.