നെല്ലിയാമ്പതി ഓറഞ്ച് ഫാമിന് സമീപം ഒറ്റയാൻ; ചില്ലിക്കൊമ്പനെന്ന് സംശയം, ജനവാസ മേഖലയില്‍ ചുറ്റിക്കറങ്ങി കാട്ടിലേക്ക് - ചില്ലിക്കൊമ്പന്‍
പാലക്കാട്: നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമിന് സമീപം ഒറ്റയാനെ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഒറ്റയാൻ ഫാമിന് സമീപം എത്തിയത്. ഈ പ്രദേശം ജനവാസ മേഖലയാണ്. അടുത്ത കാലത്തൊന്നും കാട്ടാനയെത്താതിരുന്ന പ്രദേശത്താണ് ഇന്നലെ കാട്ടനയെത്തിയത്.
ചില്ലിക്കൊമ്പന്‍ ആണെന്ന് സംശയിക്കുന്ന കാട്ടാന നാശ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. കാട്ടാന വരുന്ന വഴിയിൽ ഇരുചക്ര വാഹനങ്ങള്‍ അടക്കം നിർത്തിയിട്ടിരുന്നു. ഇവയൊന്നും തകർക്കാതെയാണ് കാട്ടാന ജനവാസ മേഖലയിലൂടെ നടന്ന് നീങ്ങിയത്.
നായകള്‍ കുരച്ച് കാട്ടാനയെ പ്രകോപിപ്പിച്ചെങ്കിലും ആക്രമണ സ്വഭാവമൊന്നും കാണിക്കാതെ കാട്ടാന പിന്തിരിഞ്ഞ് നടക്കുകയായിരുന്നു. കുറച്ച് സമയം ജനവാസ മേഖലയിൽ കറങ്ങിയ ഒറ്റയാൻ കാട്ടിലേക്ക് തന്നെ മടങ്ങി.
ഭീതി തന്നെ: നെല്ലിയാമ്പതി റോഡിലും കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ട്. കുട്ടികളടക്കമുള്ള കാട്ടാനക്കൂട്ടം ഇതു വഴി സഞ്ചാരിച്ച കാർ യാത്രക്കാരെയും ബൈക്ക് യാത്രക്കാരനെയും ആക്രമിക്കാൻ പാഞ്ഞടുത്തിരുന്നു. തലനാരഴിക്കാണ് ഇവരെല്ലാം രക്ഷപ്പെട്ടത്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന കോടതി ഉത്തരവിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
പറമ്പിക്കുളത്തെ വന മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തുമെന്ന പേടിയിലായിരുന്നു പ്രദേശവാസികൾ. അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയതോടെയാണ് നെല്ലിയാമ്പതിയിലെ പ്രതിഷേധം അവസാനിച്ചത്.