'കുറുമ്പ് അല്‍പം കൂടുന്നുണ്ട്'... വീണ്ടും കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് പടയപ്പ - കെഎസ്‌ആര്‍ടിസി ബസ്
ഇടുക്കി: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസിന്‍റെ വഴി തടഞ്ഞ് കാട്ടുകൊമ്പന്‍ പടയപ്പ. ഇന്ന് പുലര്‍ച്ചെയായിരുന്നു മൂന്നാറില്‍ നിന്നും പുറപ്പെട്ട ബസിന് മുമ്പില്‍ വഴി വിലങ്ങി പടയപ്പ നിലയുറപ്പിച്ചത്. വഴി തടഞ്ഞെങ്കിലും പടയപ്പ ഇത്തവണ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല.
മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കന്നിമല എസ്‌റ്റേറ്റിന് സമീപമായിരുന്നു പടയപ്പ വഴി മുടക്കി ബസിന് മുന്നില്‍ നിന്നത്. റോഡിലൂടെ നടന്നെത്തിയ പടയപ്പ ബസിന് മുമ്പില്‍ നിലയുറപ്പിച്ചു. പിന്നീട് പതിയെ പാതയോരത്തേക്ക് പിന്‍വാങ്ങി.
യാത്ര തടസം തീര്‍ത്തെങ്കിലും പടയപ്പ ഇത്തവണ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല. ഇത് മൂന്നാം തവണയാണ് പടയപ്പ അടുത്തടുത്ത് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുമ്പില്‍ യാത്ര തടസം തീര്‍ക്കുന്നത്. കഴിഞ്ഞ തവണ ബസിന് മുന്‍ഭാഗത്തെ ചില്ലിന് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയിരുന്നു.
വേനല്‍ കനത്തതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പടയപ്പ സാന്നിധ്യം വിട്ടൊഴിയുന്നില്ല. ഉള്‍ വനത്തിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാവാത്ത കാട്ടുകൊമ്പന്‍ തീറ്റതേടിയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. റോഡില്‍ ഗതാഗത തടസം സൃഷ്‌ടിക്കുന്നു എങ്കിലും വാഹനയാത്രികര്‍ക്ക് നേരെ ആക്രമണം ഉണ്ടാവാത്തതാണ് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം. പക്ഷെ പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്ക ആളുകള്‍ക്കിടയില്‍ ഉണ്ട്.