കാട്ടുപന്നി ശല്യം രൂക്ഷം; കണ്ണൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്, എരഞ്ഞോളിയില്‍ നടപടിക്ക് തുടക്കം
Published : Jan 15, 2024, 7:36 PM IST
കണ്ണൂര്‍:കൃഷിയിടങ്ങളില്‍ ഇറങ്ങി വിളവുകള്‍ തിന്ന് നശിപ്പിച്ച് വിഹരിക്കുന്ന കാട്ടുപന്നികളെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. പന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയ തലശ്ശേരിക്കടുത്ത് എരഞ്ഞോളി പഞ്ചായത്തില്‍ ഏതാനും കാട്ടു പന്നികളെ വെടിവച്ചു കൊന്നു. കൃഷിയിടങ്ങളില്‍ നാശനഷ്‌ടങ്ങള്‍ വരുത്തുന്ന പന്നികളെയാണ് ഷൂട്ടര്‍മാര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. എരഞ്ഞോളി പഞ്ചായത്തില്‍ വടക്കുമ്പാട്, പെരുന്താറ്റില്‍, കൂടക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നികളെ വേട്ടയാടി തുടങ്ങിയത്. എംപാനല്‍ ഷൂട്ടര്‍മാരുടെ സഹായത്തോടെ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടു പന്നികളെ തുരത്തുന്നുമുണ്ട്. മലയോര മേഖലയായ ആറളം ഫാം പുരനധിവാസ മേഖലയിലെ 13 -ആം ബ്ലോക്കില്‍ മരച്ചീനി കൃഷി വ്യാപകമായി കാട്ടുപന്നികള്‍ നശിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്‌ത മൂവായിരം ചുവട് കപ്പയാണ് നശിച്ചത്. ആദിവാസികളുടെ വരുമാന മാര്‍ഗം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കൃഷിയിറക്കിയ മരച്ചീനിയും പച്ചക്കറികളും നശിപ്പിക്കപ്പെടുന്നുണ്ട്. കൃഷിയിടത്തിന് ചുറ്റും വേലികള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തകര്‍ത്താണ് വന്യജീവികള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്. ക്രമാതീതമായി കാട്ടുപന്നി ശല്യം ഇവിടെ തുടരുകയാണ്. കൂട്ടത്തോടെ എത്തിയ പന്നികളെ കര്‍ഷകര്‍ തുരത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും വീണ്ടും സ്ഥലത്തെത്തുന്ന ഇവകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.