Water Pipeline Burst | കൊച്ചിയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ; റോഡിൽ വലിയ ഗർത്തം, നിർത്തിവച്ച ജലവിതരണം ഇന്ന് പുനഃസ്ഥാപിക്കും
എറണാകുളം :കൊച്ചി നഗരത്തിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങി. തമ്മനം-പാലാരിവട്ടം റോഡിൽ വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു ആലുവയിൽനിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. അതേസമയം പൊട്ടിയ പ്രധാന പൈപ്പ് ലൈനിന്‍റെ ഉപലൈനിലുണ്ടായിരുന്ന ചോർച്ച ഇന്ന് രാവിലെയോടെ അടക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രിയോടെ നിർത്തി വെച്ച കുടിവെള്ള വിതരണം ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്ന് ജല വിതരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാലപ്പഴക്കത്തെ തുടർന്നാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ കലൂർ സബ് ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് പൈപ്പ് ലൈൻ. കാലപ്പഴക്കം കൊണ്ടാണ് പൈപ്പ് പൊട്ടിയതെങ്കിലും ഈ ഭാഗത്ത് പൈപ്പ് പൊട്ടാൻ പ്രത്യേകമായ എന്തെങ്കിലും കാരണമുണ്ടോയെന്നതിൽ വ്യക്തതയില്ല. പൈപ്പ് പൊട്ടി പ്രദേശമാകെ വെളളക്കെട്ട് രൂപപ്പെട്ടതോടെയാണ് വാട്ടർ അതോറിറ്റി പമ്പിങ് നിർത്തി വച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും അടിയന്തരമായി അറ്റകുറ്റപ്പണികൾ തുടങ്ങുകയുമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ രാത്രി മുഴുവൻ നീണ്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാവിലെയോടെ ചോർച്ച പൂർണമായും അടച്ചത്. കൊച്ചി കോർപ്പറേഷനിലെ നഗര പ്രദേശങ്ങൾ ഉൾപ്പെടുന്ന 33 മുതൽ 47 വരെയുള്ള ഡിവിഷനുകളിലും 70 മുതൽ 72 വരെയുള്ള ഡിവിഷനുകളിലുമാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. കടവന്ത്ര, കതൃക്കടവ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, പോണേക്കര, തമ്മനം, ചളിക്കവട്ടം, പൊന്നുരുന്നി, വെണ്ണല തുടങ്ങിയ പ്രദേശങ്ങളെയാണ് പൈപ്പ് പൊട്ടൽ പ്രതികൂലമായി ബാധിച്ചത്.