പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രമെടുത്ത് നല്‍കിയാല്‍ പാരിതോഷികം; പ്രഖ്യാപനവുമായി പാമ്പാടി പഞ്ചായത്ത്
കോട്ടയം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. മൊബൈലിൽ നിങ്ങളുടെ ചിത്രം പതിയും. കോട്ടയം പാമ്പാടി പഞ്ചായത്തിലാണ് മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രമോ വീഡിയോ നൽകുന്നവർക്ക് പാരിതോഷികം നൽകുന്നത്.
ഒരാഴ്‌ച മുൻപാണ് ഇത് ആരംഭിച്ചത്. ആരെങ്കിലും പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടാൽ അവരുടെ ചിത്രം മൊബൈലിൽ പകർത്തി പഞ്ചായത്തിന് കൊടുക്കാം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.
ഫോട്ടോ എടുത്ത് നൽകുന്നവര്‍ക്ക് 2500 രൂപയാണ് പാരിതോഷികമായി നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണ് നാട്ടുകാരെ സഹകരിപ്പിച്ചു കൊണ്ട് മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരുടെ ചിത്രമെടുത്ത് നൽകുന്ന പദ്ധതി ആരംഭിച്ചത്.
പദ്ധതി ആരംഭിച്ച് ഒരാഴ്‌ച കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം കുറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്‍റ് ഡാലി റോയി പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 20 വാർഡുകളാണുള്ളത്. ആലാമ്പള്ളി, പാമ്പാടി, കാള ചന്ത എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പൂന്തോട്ടം നിർമിച്ചിട്ടുണ്ട്. ഇല്ലി വളവ് മുതൽ ചേന്നമ്പള്ളി വരെ റോഡിന് ഇരു വശവും കാട് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.