Chandrayaan 3 | 'വിജയം ഉറപ്പ്, ഇനി ലക്ഷ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍'; എസ് ഉണ്ണികൃഷ്‌ണൻ നായർ - വിഎസ്‌എസ്‌സി ഡയറക്‌ടർ
തിരുവനന്തപുരം:ചാന്ദ്രയാൻ 3 പദ്ധതിയിൽ വിജയം ഉറപ്പെന്ന് വിഎസ്‌എസ്‌സി (Vikram Sarabhai Space Centre) ഡയറക്‌ടർ എസ് ഉണ്ണികൃഷ്‌ണൻ നായർ. ഇതുവരെയും കൃത്യമായ രീതിയിലാണ് ദൗത്യം മുന്നേറുന്നത്. വിക്ഷേപണം മുതൽ ഇതുവരെയും കൃത്യമായ കണക്കുകൂട്ടലുകൾ പാലിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഇത് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേയ്‌ക്ക് എത്തിക്കുന്ന പ്രവൃത്തികള്‍ അടുത്ത ദിവസങ്ങളിൽ നടക്കും. തുടര്‍ന്ന്, ഓഗസ്‌റ്റ് 23ന് ശേഷമാവും പേടകത്തിന്‍റെ ലാന്‍ഡര്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.
ചന്ദ്രയാൻ രണ്ടിന്‍റെ പരാജയത്തിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടാണാണ് ഈ ദൗത്യം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ വിജയിക്കുമെന്ന് നൂറ് ശതമാനം വിജയം ഉറപ്പാണെന്നും വിഎസ്‌എസ്‌സി ഡയറക്‌ടർ പറഞ്ഞു. ദൗത്യത്തിൽ വിഎസ്‌എസ്‌സി നിർണായകമായ പങ്കാണ് വഹിച്ചത്.
വിഎസ്‌എസ്‌സിയുടെ സംഭാവനകള്‍:റോക്കറ്റ്വിക്ഷേപണത്തിലായിരുന്നു വിഎസ്‌എസ്‌സിയുടെ പ്രധാന ദൗത്യം. ഇതുകൂടാതെ വിഎസ്‌എസ്‌സിയിലെ സ്പേസ് ഫിസിക്‌സ് ലബോറട്ടറിയിൽ നിർമ്മിച്ച രണ്ട് പ്രധാന പേറോടുകൾ ചന്ദ്രയാൻ പേടകത്തിലുണ്ട്. ഈ പേടകങ്ങളാണ് ചന്ദ്രന്‍റെ ഉപരിതലത്തിലെ മണ്ണിന്‍റെ ഊഷ്‌മാവ് അളക്കുന്നതും പ്ലാസ്‌മയുടെ തോത് അളക്കുന്നതും. ദൗത്യത്തിലെ നിർണായകമായ പല സംവിധാനങ്ങളും വിഎസ്‌എസ്‌സിയുടെ സംഭാവനയാണെന്നും ഉണ്ണികൃഷ്‌ണന്‍ നായർ വ്യക്തമാക്കി.
നാല് ടൺ ഭാരമുള്ള ചന്ദ്രയാൻ ഉപഗ്രഹത്തെയാണ് കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് 12 മണിയോടെ ചന്ദ്രയാൻ പേടകത്തിലെ ട്രസ്‌റ്റർ ഫയർ ചെയ്‌തിട്ടുണ്ട്. ഇനി ഭൂമിയിൽ നിന്നുള്ള ദൂരം ക്രമാതീതമായി വർധിപ്പിക്കും. ജൂലൈ 31ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. ക്രമാതീതമായി വേഗത കുറച്ച് ഓഗസ്‌റ്റ് 23 വൈകുന്നേരത്തോടെ ചന്ദ്രയാൻ ലാൻഡർ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രയാൻ രണ്ടിന്‍റെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ലാൻഡറിന്‍റെ കാലുകൾ ശക്തമാക്കിയിട്ടുണ്ട്.
സൗരോർജ പാനലുകളുടെ എണ്ണവും കൂട്ടി. വിശദമായ പരിശോധനകൾക്കു ശേഷമാണ് വിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്നും ഉണ്ണികൃഷ്‌ണൻ നായർ പ്രതികരിച്ചു.
ഉപയോഗിച്ചത് ഏറ്റവും ശക്തമായ റോക്കറ്റ്:മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇനിയുള്ള പ്രവർത്തനങ്ങൾ. സെപ്‌റ്റംബറില്‍ മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാനുള്ള പേടകത്തിന്‍റെ പരീക്ഷണം നടത്തുമെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ഏറ്റവും ശക്തമായ റോക്കറ്റ് ആണ് ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് മിഷൻ ഡയറക്‌ടര്‍ മോഹൻ കുമാർ പറഞ്ഞു. എൽവിഎം 3 എം ഫോർ എന്ന റോക്കറ്റ് വലിയ ഉപഗ്രഹങ്ങൾ കൂടുതൽ ദൂരത്ത് എത്തിക്കാൻ കഴിയുന്നതാണ്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് വലിയ മുതൽക്കൂട്ടാണെന്നും മോഹൻകുമാർ പറഞ്ഞു.
വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് 2.35നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ഇന്ത്യയുടെ ഏറ്റവും ശക്തനായ എല്‍വിഎം റോക്കറ്റാണ് പേകടകത്തെ വഹിക്കുന്നത്.