Vigilance Inspection in Bevco Outlets : വിജിലൻസിന്‍റെ മിന്നൽ പരിശോധന ; കോട്ടയത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
Published : Oct 1, 2023, 5:03 PM IST
കോട്ടയം :ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ വിജിലൻസ് ശനിയാഴ്‌ച നടത്തിയ പരിശോധയിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത് (Vigilance Inspection in Bevco Outlets). കോട്ടയം ജില്ലയിലെ 5 ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്. വൈക്കം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശ്ശേരി, കോട്ടയം മാർക്കറ്റ് എന്നിവിടങ്ങളിലെ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കോട്ടയം മാർക്കറ്റ് ഔട്ട്ലെറ്റിൽ നിന്ന് രജിസ്‌റ്ററിൽ രേഖപ്പെടുത്താത്ത 10000 രൂപ പിടിച്ചെടുത്തു (Operation Moonlight). ബിയർ കമ്പനിയിൽ നിന്ന് കമ്മീഷൻ ലഭിക്കുന്നതിനുവേണ്ടി ഒരു ബ്രാന്‍ഡിന്‍റെ ബിയർ ആവശ്യക്കാർക്ക് കൊടുക്കാതെ മറ്റൊരു കമ്പനിയുടേത് നൽകിയെന്നും വിജിലൻസ് കണ്ടെത്തി. മദ്യം പൊതിഞ്ഞുകൊടുക്കാൻ പത്ര കടലാസ് വാങ്ങിയ കണക്കിൽ വെട്ടിപ്പുനടത്തിയതായും വ്യക്തമായി. 120 കിലോ പേപ്പർ വാങ്ങിയെന്ന് കണക്കിൽ കാണിച്ച് 15 കിലോയാണ് എത്തിച്ചതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. വൈക്കം ഔട്ട്‌ലെറ്റിലെ ലോക്കൽ കൗണ്ടറിൽ 20910 രൂപയും പ്രീമിയം കൗണ്ടറിൽ 2370 രൂപയും കുറവുള്ളതായും കണ്ടെത്തി. വിജിലൻസ് ഡയറക്‌ടർ ടി.കെ വിനോദ് കുമാറിന്‍റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.