കേരളം

kerala

ചാലകം റൈസ് വിപണിയിലേക്ക്

By

Published : Jun 19, 2023, 12:27 PM IST

ETV Bharat / videos

ഇത് വൈക്കത്തിന്‍റെ സ്വന്തം 'ചാലകം റൈസ്'; തരിശുഭൂമിയിൽ പൊന്നുവിളയിച്ച് കർഷക കൂട്ടായ്‌മ

കോട്ടയം: 30 വർഷമായി തരിശായി കിടന്ന മണ്ണിൽ നെല്ലുവിളയിച്ച് വിപണിയിലെത്തിച്ച് ഒരു കൂട്ടം കർഷകർ. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചാലകം പാടശേഖരത്തിൽ ഉൾപെട്ട തരിശ് ഭൂമിയിൽ ഉൽപാദിപ്പിച്ച അരിയാണ് കർഷക കൂട്ടായ്‌മ 'ചാലകം' റൈസ് എന്ന പേരിൽ വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്‍റെ തരിശുരഹിത കൃഷിയിട പദ്ധതിയായ 'നിറവി'ൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ രണ്ട് വർഷമായി ചാലകത്തെ വയലിൽ കൃഷിയിറക്കിയത്.

കഴിഞ്ഞ ശനിയാഴ്‌ചയാണ് (ജൂൺ 17) പുതുതായി വിപണിയെലിത്തിക്കുന്ന അരിയുടെ ഉദ്‌ഘാടനം കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചത്. നെൽകൃഷിയുടെ വികസനത്തിന് പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കേണ്ടത് അനിവാര്യമാണ്. ചാലകം പാടശേഖരത്തിന്‍റെ നിലവിലെ ന്യൂനതകൾ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കൃഷിയെ പുതിയ തലമുറ നെഞ്ചേറ്റുന്നതിന്‍റെ ഫലമാണ് വൈക്കത്തിന്‍റെ ബ്രാൻഡായി ചാലകം റൈസ് വിപണിയിലേക്ക് എത്താൻ കാരണമെന്നും മന്ത്രി പറഞ്ഞു.

അതോടൊപ്പം തന്നെ വൈക്കത്ത് കാർഷിക ഡിപിആർ ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വിശദമായ പദ്ധതി രേഖകൾ വിദഗ്‌ദരുടെ നേതൃത്വത്തിൽ തയാറാക്കുന്നതിനായാണ് ഡിപിആർ ക്ലിനിക്ക് ആരംഭിക്കുക. വൈക്കം ബ്ലോക്ക് പഞ്ചായത്തും ഉദയനാപുരം ഗ്രാമപഞ്ചായത്തും ചാലകം പാടശേഖര സമിതിയും സംയുക്തമായി വിളയിച്ച് വിപണിയിൽ എത്തിച്ച ചാലകം റൈസിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സികെ ആശ എംഎൽഎ യോഗത്തിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെകെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പികെ ആനന്ദവല്ലി റൈസ് കൈമാറ്റം നിർവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്‌പമണിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.

ABOUT THE AUTHOR

...view details