V D Satheesan On Grow Vasu Case 'ഗ്രോ വാസുവിനെ ജയിലിലടച്ച നടപടി സർക്കാരിന് തന്നെ പരിഹാസ്യം, എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം' : വിഡി സതീശൻ - V D Satheesan on Grow Vasu
Published : Sep 9, 2023, 5:51 PM IST
കോഴിക്കോട് : ഗ്രോ വാസു (Grow Vasu) വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (V D Satheesan). ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നത്. അദ്ദേഹത്തിന്‍റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ല. ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്‍റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം എന്നും സതീശൻ ചോദിച്ചു. ഗ്രോ വാസുവിനെതിരായ കേസ് (Case Against Grow Vasu) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഗ്രോ വാസുവിന്‍റെ ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹത്തോടുള്ള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെട്ട് സതീശൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.