Sitaram Yechury| ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതെന്ന് സീതാറാം യെച്ചൂരി
കോഴിക്കോട് : തുല്ല്യതയും സമത്വവും രണ്ടും രണ്ടാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവിൽ കോഡിൽ സമത്വമാണ് വേണ്ടത്. ഒരു വിഭാഗത്തെ ഒഴിവാക്കിയും മറു വിഭാഗത്തെ ക്രൂശിക്കുന്നതും വിഭജനമാണ്. ഏക സിവിൽ കോഡിലൂടെ ഭിന്നത ഉണ്ടാക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും യെച്ചൂരി. വ്യക്തി നിയമങ്ങളിൽ പരിഷ്‌കരണം വേണം.
എന്നാൽ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്‌കരണം നടപ്പാക്കേണ്ടത്. ഏകീകൃത വ്യക്തി നിയമം സമത്വം കൊണ്ട് വരില്ലെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസിനൊപ്പം ചേർന്ന് സിവിൽ കോഡിനെ എതിർക്കണമെങ്കിൽ കോൺഗ്രസ് ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനായാണ് സീതാറാം യെച്ചൂരി കോഴിക്കോട് എത്തിയത്.
കോഴിക്കോട് ട്രേഡ് സെന്‍ററില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന സെമിനാർ യെച്ചൂരി ഉദ്ഘാടനം ചെയ്യും. അതേസമയം, സെമിനാറിൽ മുസ്‌ലിം, ക്രിസ്ത്യൻ, ദലിത് സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും. ഏക വ്യക്‌തി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തിൽ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്.
ALSO READ :CPM Seminar| ഏക സിവിൽ കോഡ്, സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്; ഉദ്ഘാടനം സീതാറാം യെച്ചൂരി