Bridge collapses | 12 ലക്ഷം വെള്ളത്തിലായി...; ഛത്തീസ്‌ഗഡിൽ നിർമാണത്തിലിരുന്ന പാലം നദിയിൽ തകർന്നുവീണു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ നിർമാണത്തിലിരുന്ന പാലം നദിയിലെ കുത്തൊഴുക്കിൽ തകർന്നുവീണു. 16 കോടി ചെലവിട്ട് നിർമിക്കുകയായിരുന്ന പാലത്തിന്‍റെ ഒരു ഭാഗമാണ് നദിയിൽ ഒലിച്ചുപോയത്. സംസ്ഥാനത്തെ ദുർഗ് ജില്ലയിലെ സിള്ളി-നങ്കട്ടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന സഗ്നിഘട്ടിൽ നിർമിച്ചുകൊണ്ടിരിക്കുന്ന പാലമാണ് ഇന്നലെ തകർന്നുവീണത്.
നാല് ദിവസമായി പ്രദേശത്ത് കനത്ത മഴയായിരുന്നു. തുടർന്ന് നദിയിലെ വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടുകയായിരുന്നു. പാലത്തിന്‍റെ തൂണുകളെ ബന്ധിപ്പിച്ചുള്ള ഗർഡറുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ച തട്ടുകള്‍ തകര്‍ന്നതോടെയാണ് പാലം നദിയില്‍ പതിച്ചത്.
നദിയിലെ ജലനിരപ്പ് നോക്കുന്നതിനായി പ്രദേശവാസികൾ പാലത്തിന് സമീപം എത്തിയപ്പോഴായിരുന്നു പാലം തകർന്ന് വീണത്. കരാറുകാരന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു. സംഭവം നടക്കുമ്പോൾ സുരക്ഷ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൊത്തം 12 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നും കരാറുകാരൻ തന്നെ വഹിക്കുമെന്നും അധികൃതർ പറഞ്ഞു.
പാലത്തിന്‍റെ നിർമാണം 2020 നവംബർ 11നാണ് ആരംഭിച്ചത്. 2022 ഏപ്രിൽ 11 ന് പാലത്തിന്‍റെ പണി പൂർത്തിയാകേണ്ടതായിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പാലത്തിന്‍റെ നിർമാണം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.