കാറിനകത്ത് മൂര്‍ഖന്‍, 'ഫിനോയില്‍ പ്രയോഗത്തില്‍' ബോധം പോയി ; കൃത്രിമ ശ്വാസം നല്‍കി രക്ഷപ്പെടുത്തല്‍
Published : Nov 14, 2023, 9:05 PM IST
റായ്‌ചൂര്‍:ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ ആശുപത്രിയിലെത്തിക്കും മുമ്പേ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കാറുണ്ട്. ഇനി ശ്വാസതടസമോ ബോധക്ഷയമോ നേരിടുന്നുണ്ടെങ്കില്‍ ഇവര്‍ക്ക് കൃത്രിമ ശ്വാസവും സിപിആറും നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട പരിചരണങ്ങളും പ്രാരംഭഘട്ടങ്ങളിലുണ്ടാവും. മനുഷ്യര്‍ എന്നതിലുപരി ജീവന്‍ എന്നതിനാവും ഈ സമയം പ്രാധാന്യം നല്‍കുക. അതുകൊണ്ടുതന്നെ മനുഷ്യരുടെ കാര്യത്തില്‍ പരീക്ഷിക്കുന്ന ഓരോ ജീവന്‍രക്ഷാ മാര്‍ഗങ്ങളും മൃഗങ്ങളിലും പരീക്ഷിച്ചുവരാറുണ്ട്. ഇത്തരത്തില്‍ തളര്‍ന്നുവീണ മൂര്‍ഖന്‍ പാമ്പിന് കൃത്രിമ ശ്വാസം നല്‍കിയ വാര്‍ത്തയാണ് കര്‍ണാടകയിലെ റായ്‌ചൂര്‍ ജില്ലയില്‍ നിന്നുമെത്തുന്നത്. ലിംഗസുഗൂർ താലൂക്കിലെ ഹട്ടി ചിന്നഗനിയുടെ പ്രാന്തപ്രദേശത്തായുള്ള പമനകല്ലൂരിന് സമീപമാണ് സംഭവം. പമനകല്ലൂര്‍ ക്രോസിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാറിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ വാഹനത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ തടിച്ചുകൂടിയവര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. ഒടുവില്‍ പാമ്പിനെ പുറത്തെത്തിക്കാന്‍ കാറിനകത്ത് ഫിനോയില്‍ തളിച്ചു. അതിന്‍റെ മണത്തില്‍ മൂര്‍ഖന്‍ പാമ്പ് മയങ്ങി. തുടര്‍ന്ന് ഹാട്ടി ഗോൾഡ് മൈനിങ് കമ്പനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രബീന്ദ്രനാഥ് സ്ഥലത്തെത്തി പാമ്പിനെ പുറത്തെത്തിച്ചു. എന്നാല്‍ ഈ സമയം പാമ്പിന് ചലനമുണ്ടായിരുന്നില്ല. കൈവശം കരുതിയിരുന്ന പൈപ്പ് പാമ്പിന്‍റെ വായയില്‍ തിരുകി കൃത്രിമ ശ്വാസം നല്‍കിയെങ്കിലും ഇതും ഫലം കണ്ടില്ല. തുടര്‍ന്ന് പാമ്പിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് മറ്റ് ഡോക്‌ടർമാരുടെ സഹായത്തോടെ കൃത്രിമ ഓക്സിജൻ നൽകി ജീവന്‍ രക്ഷിക്കുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ തുടര്‍ന്ന് വനമേഖലയിലേക്ക് തുറന്നുവിട്ടു.