വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു - Two students drowned in Walayar Dam
പാലക്കാട് :വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. തമിഴ്‌നാട് നാമക്കൽ സ്വദേശി ഷൺമുഖം (18), മൂന്നാർ സ്വദേശി തിരുപ്പതി (20) എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്‌ച ഉച്ചയോട് കൂടിയായിരുന്നു അപകടം. കോയമ്പത്തൂർ ധനലക്ഷമി ശ്രീനിവാസൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ് ഇരുവരും. അവധി ദിവസമായതിനാൽ എട്ട് വിദ്യാർഥികൾ ഡാമിലേക്ക് കുളിക്കാനെത്തി. ഇതിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. വിദ്യാർഥികൾ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിഷ്‌ണു കുമാർ എന്ന വിദ്യാർഥിയെ രക്ഷിച്ചു. മരണപ്പെട്ട രണ്ട് വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴ്‌ന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. കഞ്ചിക്കോട്, പാലക്കാട് ഫയർ ആന്‍റ് റസ്ക്യൂ സ്റ്റേഷനുകളിലെ ജീവനക്കാരും, സ്ക്യൂബ വിദഗ്‌ധരുമെത്തിയാണ് രണ്ട് മണിക്കൂർ തെരച്ചിൽ നടത്തി വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്. വൈക്കം വെള്ളൂരിലും ഇന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചിരുന്നു. മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയ ഒമ്പത് പേരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു.