കോഴിക്കോട് രണ്ടിടത്ത് അപകടം; ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥികൾക്കും, ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ക്കും ഗുരുതര പരിക്ക്
കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂൾ വിദ്യാർഥികൾക്ക് പരിക്ക്. മുക്കം അഗസ്‌ത്യമുഴി തൊണ്ടിമ്മൽ വെള്ളരി ചാലിലാണ് സ്‌കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.30 മണിയോടുകൂടിയാണ് അപകടമുണ്ടായത്. മൊത്തം ആറ് കുട്ടികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുക്കം കാർമൽ സ്‌കൂളിലെ എൽകെജി വിദ്യാർഥിനി നെഹ, യുകെജി വിദ്യാർഥിനി തൻവി ഉഷ എന്നിവർക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനികളുടെ കൈയ്‌ക്കും തലക്കുമാണ് പരിക്കേറ്റത്. കൂടാതെ മുക്കത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച അപകടവുമുണ്ടായിട്ടുണ്ട്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊടിയത്തൂർ സ്വദേശി നിഥുൻ ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ് ഡ്രൈവര്‍ മലപ്പുറം കൊടക്കാട് സ്വദേശി കെ.വി സുമേഷിനെയാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹനവകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു.