ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു; സംഭവം മണ്ണാർക്കാട്, പ്രസവം ആശുപത്രിയിലേക്കുള്ള വഴിമധ്യേ - മണ്ണാർക്കാട് താലൂക്ക് ആശുപത്രി
പാലക്കാട്: മണ്ണാർക്കാട് പൂഞ്ചോല പാമ്പൻതോടിലെ ഗര്‍ഭിണിയായ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴി മധ്യേ പ്രസവിച്ചു. പാമ്പൻതോട് ആദിവാസി കോളനിയിലെ ദിവ്യയാണ് ജീപ്പിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഈ മാസം 13നായിരുന്നു ദിവ്യയുടെ പ്രസവ തീയതി.
ബുധനാഴ്‌ച രാവിലെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി വീട്ടിലേക്ക് മടങ്ങിയ യുവതിക്കാണ് വൈകിട്ടോടെ പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് തെങ്കര വഴി മണ്ണാർക്കാട് ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് ജീപ്പിൽ യുവതി പ്രസവിച്ചത്. ബുധനാഴ രാവിലെ യുവതിയും ഭർത്താവ് മഹേഷും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്‌ടറെ കണ്ടിരുന്നു.
സ്‌കാനിങ് നടത്തി വിശദമായി ഡോക്‌ടർ പരിശോധിക്കുകയും ചെയ്‌തിരുന്നു. പ്രസവത്തിനായി അടുത്ത ബുധനാഴ്‌ച ആശുപത്രിയിൽ എത്താനാണ് ഡോക്‌ടർ നിർദേശിച്ചത്. തുടർന്നാണ് ദമ്പതികൾ കോളനിയിലേക്ക് തിരികെ പോയത്.
കോളനിയിൽ എത്തിയ ഉടൻ ദിവ്യക്ക് പ്രസവ വേദന തുടങ്ങി. ജീപ്പ് വിളിച്ച് ആശുപത്രിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് യുവതി ജീപ്പില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ദിവ്യയുടെ രണ്ടാമത്തെ പ്രസവമാണിത്.
മണ്ണാര്‍ക്കാട് ആശുപത്രിയിലേക്കുള്ള വഴി മധ്യേ വാഹനത്തിൽ പ്രസവം നടക്കുന്ന മൂന്നമത്തെ സംഭവമാണിത്. രാവിലെ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്‌ടർക്ക് വീഴ്‌ച പറ്റിയതായാണ് ബന്ധുക്കളുടെ ആരോപണം. മലമുകളിൽ ഒറ്റപ്പെട്ട് കിടക്കുന്ന ആദിവാസി കോളനിയിലെ യുവതിയെ പരിശോധനക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിൽ യുവതി വാഹനത്തിൽ പ്രസവിക്കേണ്ട സാഹചര്യം ഒഴിവാക്കമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിലെത്തിയ കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.