പൊലീസ് പരാതി പരിഗണിച്ചില്ല; ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ട്രാന്‍സ്‌ജെന്‍ഡര്‍ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
എറണാകുളം: പൊലീസ് പരാതി പരിഗണിച്ചില്ലെന്ന് ആരോപിച്ച് ആലുവ പൊലീസ് സ്‌റ്റേഷന് മുമ്പിൽ ട്രാൻസ്‌ജെൻഡറിന്‍റെ ആത്മഹത്യ ഭീഷണി. അന്ന രാജു എന്ന ട്രാൻസ് യുവതിയാണ് ബുധനാഴ്‌ച(12.04.2023) പുലർച്ചെ ആൽ മരത്തിൽ കയറി ഭീഷണി മുഴക്കിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ മാസം 17ന് അന്നയെ ആക്രമിച്ചെന്നായിരുന്നു പരാതി.
ഇതിനെതിരെ ആലുവ പൊലീസിൽ ഇവര്‍ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് പരാതിയിൽ തുടർ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ട്രാൻസ് യുവതി ആരോപിക്കുന്നത്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ആലുവ സ്‌റ്റേഷനിലെത്തിയ യുവതി സ്‌റ്റേഷനു മുമ്പിലെ ആൽമരത്തിൽ കയറുകയും പരാതിയിൽ നടപടി സ്വീകരിച്ചില്ലങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
നാല് മണിക്കൂറോളം മരത്തിൽ തുടർന്ന ട്രാൻസ് യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതേ തുടർന്ന് അഗ്നിരക്ഷ സേനയെത്തിയാണ് അന്ന രാജുവിനെ താഴെയിറക്കിയത്. ക്ഷീണിതയായ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാൻസ്‌ജെൻഡർ യുവതികളെ അറസ്‌റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെയും അന്ന രാജു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരാതിയുമായി എത്തിയപ്പോൾ ആലുവ ഈസ്‌റ്റ് സ്‌റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നും ഇവർ ആരോപിച്ചു.
അതേസമയം, പരാതിയിൽ രണ്ട് കേസ് നേരത്തെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും തുടർ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ആത്മഹത്യ ഭീഷണി മുഴക്കി ട്രാൻസ് യുവതി മരത്തിൽ കയറിയതിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ട്രാൻസ്‌ജെൻഡറുകളും പ്രതിഷേധവുമായി രംഗത്തെത്തി.