CCTV Visuals| ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ : ദേശീയപാതയിൽ തോട്ടട ടൗണിൽ ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മണിപ്പാലിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്‍റെ ടൂറിസ്റ്റ് ബസും തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 27 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്‌ത്രക്രിയ നടത്തി.
ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ ഒമ്പത് പേർക്കും ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ ആറ് പേർക്കും പ്രാഥമിക ചികിത്സ നൽകി ഡിസ്‌ചാർജ് ചെയ്‌തു. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിൽ ഉള്ളതാണ് അപകടത്തിൽപ്പെട്ട ലോറി.
ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് കുറുകെ മറിഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഇവിടുത്തെ ഗതാഗതം തടസ്സപ്പെട്ടു. ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.