Leopard Attack | തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ നാല് വയസുകാരനെ പുലി ആക്രമിച്ചു, പരിക്കുകളോടെ കുട്ടി ആശുപത്രിയില്‍ - കുര്‍ണൂല്‍
തിരുമല:ആന്ധ്രാപ്രദേശ് തിരുമല തിരുപ്പതിയില്‍ (Tirumala) നാല് വയസുകാരനെ പുലി ആക്രമിച്ചു. അലിപ്പിരി - തിരുമല കാൽനട പാതയില്‍ ഇന്നലെ (ജൂണ്‍ 22) രാത്രിയിലാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കര്‍ണൂല്‍ സ്വദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസമാണ് മകന്‍ കൗശിക്കിനൊപ്പം തിരുമല സന്ദര്‍ശനത്തിനായി എത്തിയത്. അലിപ്പിരിയില്‍ നിന്നും കാല്‍നടയായിട്ടായിരുന്നു ഇവരുടെ യാത്ര. യാത്രയ്‌ക്കിടെ ഇതേ പാതയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തുള്ള കടയില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചു. ഈ സമയം, ഇവര്‍ക്ക് സമീപത്തായി നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് പുലി ആക്രമിച്ചത്.
കുട്ടിയുടെ തലയില്‍ ആയിരുന്നു പുള്ളിപുലി കടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ കല്ലെറിഞ്ഞും നിലവിളിച്ചും പുലിയെ ഭയപ്പെടുത്തി. പിന്നാലെ കുട്ടിയെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടു.
തുടര്‍ന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ചെവിക്കും തലയിലും പരിക്കേറ്റിട്ടുണ്ട്. കുട്ടിക്ക് മറ്റ് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും മെച്ചപ്പെട്ട ചികിത്സ നല്‍കാനാണ് ശ്രമിക്കുന്നതെന്നും കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു.