കടുവ ഭീതിയിൽ മൂന്നാർ കല്ലാർ എസ്റ്റേറ്റ്, പ്രദേശത്ത് രണ്ട് കടുവകളുടെ സാന്നിധ്യമെന്ന് നാട്ടുകാർ - idukki news
ഇടുക്കി:മൂന്നാറിലെ തോട്ടം മേഖല വീണ്ടും കടുവ ഭീതിയില്‍. പ്രദേശത്ത് രണ്ട് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. വിഷയത്തിൽ വനം വകുപ്പ് ഇടപെട്ട് കടുവയെ കൂടുവച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കല്ലാർ എസ്റ്റേറ്റിൽ നിന്ന് മൂന്നാറിലേക്ക് പോയ ജീപ്പ് ഡ്രൈവറും തൊഴിലാളികളും കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. അന്ന് വൈകിട്ട് മറ്റൊരു കടുവയുടെ സാന്നിധ്യവും ശ്രദ്ധയിൽ പെട്ടിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ കടുവ കന്നുകാലികളെ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ഭയപ്പാടോടെയാണ് തൊഴിലാളികൾ തോട്ടങ്ങളിൽ ജോലിക്കിറങ്ങുന്നത്. എസ്റ്റേറ്റ് മേഖലയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്നാണ് കടുവയുടെ സാന്നിദ്ധ്യമുള്ളത്. കാട്ടാനക്ക് പിന്നാലെയാണ് തോട്ടം മേഖലയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തി കടുവയുടെ സാന്നിധ്യവും ഉണ്ടായിട്ടുള്ളത്.
ഏതാനം നാളുകള്‍ക്ക് മുമ്പ് നയമക്കാട് നിന്ന് ഒരു കടുവയെ പിടികൂടി വനംവകുപ്പ് പെരിയാര്‍ കടുവ സങ്കേതത്തില്‍ കൊണ്ട് വിട്ടിരുന്നു. വിഷയത്തിൽ സമാനരീതിയിൽ വനം വകുപ്പ് വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യത്തിന് പിന്നാവെ കടുവ ഭീതി കൂടി എത്തിയതോടെ ദിവസക്കൂലിക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവിടത്തുകാർ.