Thrissur Pulikali Mahotsav നാടും നഗരവും ഒരുങ്ങി; നാലോണ നാളിലെ പുലിക്കളി സെപ്റ്റംബര്‍ 1ന്, ചമയ പ്രദര്‍ശനം ഇന്ന് സമാപിക്കും - kerala news updates
Published : Aug 31, 2023, 8:20 AM IST
|Updated : Aug 31, 2023, 9:20 AM IST
തൃശൂര്‍ :നാലോണ നാളില്‍കാഴ്‌ചക്കാരില്‍ കൗതുകമുണര്‍ത്തി നഗരം കീഴടക്കാന്‍ സെപ്‌റ്റംബര്‍ ഒന്നിന് പുലിപ്പടയെത്തും (Thrissur Pulikali Mahotsav). പുലി വേഷത്തില്‍ സംഘം നഗരത്തിലേക്ക് പ്രവേശിക്കുന്നതോടെ തൃശൂര്‍ പുലിക്കെട്ടിന്‍റെ താളത്തില്‍ അമരും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളിയ്‌ക്ക് തുടക്കമാകുക. പുലിക്കളിയ്‌ക്ക് മുന്നോടിയായുള്ള ചമയ പ്രദര്‍ശനം ഇന്ന് സമാപിക്കും. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ബാനർജി ക്ലബിലാണ് ചമയ പ്രദര്‍ശനം. പുലിക്കളിയില്‍ (Pulikali Thrissur) പങ്കെടുക്കുന്ന വിവിധ ദേശക്കാരുടെ ചമയങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. അഞ്ച് ടീമുകളാണ് ഇത്തവണ പുലിക്കളി മഹോൽസവത്തിൽ പങ്കെടുക്കുന്നത്. വിയ്യൂര്‍ സെന്‍റര്‍, ശക്തന്‍ പുലിക്കളി സംഘം, സീതാറം മില്‍ ദേശം, അയ്യന്തോള്‍ ദേശം, കാനാട്ടുകര ദേശം എന്നിവരാണ് പുലിക്കളിയുമായെത്തുക. പുലി വേഷങ്ങൾ, പുലിമുഖങ്ങൾ, തോരണങ്ങൾ, അരമണികൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളും വിജയികള്‍ക്കുള്ള ട്രോഫികളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. പുലിക്കളിക്കെത്തുന്ന എല്ലാ സംഘങ്ങള്‍ക്കും കോര്‍പ്പറേഷന്‍ ധനസഹായം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം നല്‍കിയ രണ്ട് ലക്ഷം രൂപയായിരുന്നു സംഘങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇത്തവണ രണ്ടര ലക്ഷം രൂപയാണ് സംഘങ്ങള്‍ക്ക് ലഭിക്കുക. ചമയപ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.