പൂരാവേശത്തിൽ തേക്കിൻകാട് മൈതാനം, ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ.. മഠത്തിൽ വരവ് പഞ്ചവാദ്യം സമാപിച്ചു - തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ
തൃശൂർ:നഗര മധ്യത്തിൽ നാനാദേശക്കാർക്കൊപ്പം ആർപ്പുവിളികളും ആരവവും മുഴക്കി തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ജനസാഗരത്തെ സാക്ഷിയാക്കി രാവിലെ പതിനൊന്നരയോടെ നടന്ന മഠത്തിൽ വരവ് പഞ്ചവാദ്യം വാദ്യോഘോഷത്തിന്‍റെ കൊടുമ്പിരികൊള്ളിച്ചു. പൂരനഗരിയിലേക്ക് ഗജവീരന്മാർ എത്തിയതോടെ ചെറുപൂരങ്ങളും എത്തിത്തുടങ്ങി.
തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയതോടെയാണ് പൂരത്തിന് തുടക്കമായത്. രണ്ട് മണിയോടെ ആരംഭിച്ച ഇലഞ്ഞിത്തറമേളം നിലവിൽ പുരോഗമിക്കുകയാണ്. വൈകിട്ട് അഞ്ച് മണിയോടെ തെക്കോട്ടിറക്കം നടക്കും. ജനലക്ഷങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിക്കുന്ന പൂരം കാണാൻ ഓരോ നിമിഷവും പൂരപ്രേമികൾ തേക്കിൻകാട് മൈതാനത്തിലേക്ക് ഒഴുകിയെത്തുകയാണ്.
also read:തൃശൂര്‍ പൂരം; തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ട് രാമചന്ദ്രന്‍, ആരവങ്ങളില്‍ ലയിച്ച് പൂരനഗരി
തെക്കോട്ടിറക്കത്തിന് ശേഷം തൃശൂർ പൂരത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായ കുടമാറ്റം നടക്കും. പാറമേക്കാവ് - തിരുവമ്പാടി ദേശങ്ങൾ മുഖാമുഖം നിന്ന് മാസങ്ങളുടെ പരിശ്രമത്തിൽ നെയ്‌തൊരുക്കിയ വർണകുടകൾ വിരിയിക്കുന്ന മനോഹര കാഴ്‌ചയാണ് കുടമാറ്റം. ഓരോ ദേശത്തിന്‍റെയും സ്‌പെഷ്യൽ കുടകൾ കാണാൻ കാത്തിരിക്കുകയാണ് പൂരാരാധകർ. നാളെ നടക്കുന്ന പകൽപൂരത്തിന് ശേഷം ഇരുവിഭാഗങ്ങളും ഉപചാരം ചൊല്ലിപിരിയുന്നതോടെയാണ് പൂരത്തിന് സമാപനമാകുക.