കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്‌ടർ വിജിലൻസ് പിടിയിൽ - തൃശൂർ ഏറ്റവും പുതിയ വാര്‍ത്ത
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്‌ടർ വിജിലൻസ് പിടിയിൽ.
തൃശ്ശൂർ കണിമംഗലം സോണൽ ഓഫിസിലെ ഇൻസ്പെക്‌ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്.
കണിമംഗലം സ്വദേശിയുടെ പക്കൽ നിന്നും വീടിന്‍റെ വസ്‌തു അവകാശം മാറ്റുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടയാണ് തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്‌ടര്‍ നാദിർഷ വിജിലൻസിന്‍റെ പിടിയിലായത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണൽ ഓഫിസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ 2000 രൂപ ആവശ്യപ്പെട്ടു.
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 2000 രൂപ കൈ പറ്റുന്നതിനിടെയാണ് നാദിർഷയെ പിടികൂടിയത്. ഡിവൈഎസ്‌പി ജിം പോൾ സി ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, ഇക്കഴിഞ്ഞ മെയ് മാസം കൈക്കൂലി വാങ്ങുന്നതിനിടെ മണ്ണാര്‍കാട് വില്ലേജ് അസിസ്‌റ്റന്‍റ് സുരേഷ് കുമാര്‍ പിടിയിലായിരുന്നു. വസ്‌തുവിന്‍റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫിസര്‍ പിടിയിലാകുന്നത്. ശേഷം, വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഒറ്റമുറി വാടക വീട്ടില്‍ നിന്നും കറന്‍സി നോട്ടുകളും നാണയങ്ങളുമായി 35 ലക്ഷം രൂപയും 70 ലക്ഷത്തോളം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്‍റെ രേഖകളും കണ്ടെടുത്തു.