വൈക്കം വെള്ളൂരിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; അപകടം മൂവാറ്റുപുഴയാറിൽ - ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു
എറണാകുളം :വൈക്കം വെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. വയോധികനും രണ്ട് വിദ്യാർഥികളുമാണ് മരിച്ചത്. മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽ പെട്ടത്. ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയ ഒമ്പത് പേരിൽ മൂന്ന് പേർ ഒഴുക്കിൽ പെടുകയായിരുന്നു. മുപ്പത് അടിയോളം ആഴമുള്ള ഈ ഭാഗത്ത് മൂന്ന് പേർ ഒഴുക്കിൽ പെട്ടതോടെ കൂടെയുള്ളവർക്ക് രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു. വിദേശത്ത് നിന്നും നാട്ടിൽ എത്തിയവർ ഉൾപ്പടെ ഒമ്പത് അംഗ സംഘം ബന്ധു വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ വേളയിലാണ് അപകടത്തിൽപെട്ടത്. സാധാരണ മൂവാറ്റുപുഴയാറിന്‍റെ ഈ ഭാഗത്ത് ആഴമേറിയതിനാൽ നാട്ടുകാർ കുളിക്കാൻ ഇറങ്ങാറില്ലായിരുന്നു. എന്നാൽ ഈ പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് കുളിക്കാൻ ഇറങ്ങി അപകടത്തിൽ പെട്ടത്. അരയൻ കാവ് സ്വദേശികളാണ് മരണമടഞ്ഞവർ. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തലയോലപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റി. അവധി ആഘോഷത്തിന്‍റെ ആരവങ്ങൾക്കിടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണമടഞ്ഞത് ഒരു പ്രദേശത്തിന്‍റെയാകെ ദുഃഖമായി മാറി.