തൊടുപുഴ കൂവേലിപ്പടിയിൽ പാഴ്‌സൽ വാഹനം കാല്‍നടയാത്രക്കാരിലേക്ക് പാഞ്ഞുകയറി ; പിഞ്ചുകുഞ്ഞുൾപ്പടെ മൂന്ന് മരണം - തൊടുപുഴ വാഹനാപകടം
ഇടുക്കി :മുവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളം മടക്കത്താനത്ത് പാഴ്‌സൽ വാഹനം പാഞ്ഞുകയറി കാൽനട യാത്രക്കാരായ മൂന്ന് പേർ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ കുഞ്ചറക്കാട്ട് പ്രജേഷ് പോൾ (35) പ്രജേഷിന്‍റെ മകൾ ഒന്നര വയസുള്ള അൽന, ഇഞ്ചപ്ലാക്കൽ മേരി (65) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 7.45 നാണ് നിയന്ത്രണം വിട്ട മിനിവാൻ റോഡരികിലൂടെ നടന്നുപോയവരുടെ നേർക്ക് പാഞ്ഞുകയറിയത്.
സമീപത്തെ വ്യാപാരിയായ പ്രജേഷ് മകളെയും കൂട്ടി കടയിലേക്കും മേരി കൂലിപ്പണിക്കും പോവുകയായിരുന്നു. ഈ സമയമാണ് അമിത വേഗതയില്‍ വാഹനം ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
പാഴ്‌സല്‍ വണ്ടിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ബ്ലൂ ഡാർട്ട് കൊറിയർ ഏജൻസിയുടെ മാക്‌സിമോ വാനാണ് അപകടമുണ്ടാക്കിയത്.
ഇതിന് മുൻപും ഇവിടെ സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ പാഴ്‌സൽ വാഹനത്തിന്‍റെ ഡ്രൈവര്‍ എല്‍ദോയെ വാഴക്കുളം പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കി.
മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.