ലഹരിമരുന്ന് വേട്ട: പാലായിൽ 76 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ - കോട്ടയം വാർത്തകൾ
കോട്ടയം: പാലായിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്‌കർ, അൻവർ ഷാ, അഫ്‌സൽ എന്നിവരെയാണ് പാലാ ബസ്റ്റാൻഡിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. 76 ഗ്രാം എംഡിഎംഎയും എൽ എസ് ഡി സ്റ്റാമ്പുകളും ഇവരുടെ കയ്യിൽ നിന്ന് എക്‌സൈസ് കണ്ടെത്തി.
ഇന്ന് രാവിലെയാണ് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി പാലാ ബസ് സ്റ്റാൻഡിൽ എത്തിയ സംഘത്തെ എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ എക്‌സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ അഷ്‌കറെ കേന്ദ്രീകരിച്ചായിരുന്നു എക്‌സൈസ് സംഘത്തിന്‍റെ അന്വേഷണം.
ഇയാൾ ഇതിനു മുൻപ് ലഹരി കടത്തലുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി ഇടപാടുകൾ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥൻ പറയുന്നു. ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി കടത്താണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
ഇവർക്കെതിരെ എൻഡിപിഎസ് ആക്‌ട് 22 സി ആണ് ചുമത്തിയിട്ടുള്ളത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇവരെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.