മൊബൈൽ ഷോപ്പില്‍ മോഷണം; യുവാവ് അറസ്റ്റിൽ, കവര്‍ന്നത് 8000 രൂപയുടെ ആക്‌സസറീസ്
Published : Jan 10, 2024, 9:57 PM IST
മലപ്പുറം:നിലമ്പൂർ ചന്തക്കുന്നിലെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. മമ്പാട് സ്വദേശിയായ പൈക്കാടൻ ഹനാനാണ് (19) അറസ്റ്റിലായത്. ഇന്നലെ (ജനുവരി 9) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ഷോപ്പില്‍ നടക്കുന്ന ഫെസ്റ്റിന്‍റെ ഭാഗമായി പ്രദര്‍ശനത്തിനായി വച്ചിരുന്നു മൊബൈല്‍ ആക്‌സസറീസാണ് ഇയാള്‍ മോഷ്‌ടിച്ചത്. 8000 രൂപ വിലമതിക്കുന്ന വസ്‌തുക്കളാണ് കവര്‍ന്നത്. കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്താണ് ആക്‌സസറീസ് മോഷ്‌ടിച്ചത്. സംഭവത്തിന് പിന്നാലെ ഷോപ്പ് ഉടമ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്. തൊണ്ടി മുതലുമായി എറണാകുളത്തേക്ക് കടക്കാനിരിക്കേയാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ പുളിക്കലിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ തോമസ് കുട്ടി ജോസഫ് സിപിഓമാരായ പ്രിൻസ് കെ ജിതിൻ, അനസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് കുട്ടിക്കാലം മുതലെ കുറ്റവാസന ഉണ്ടെന്നും ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.