Sudalai Andavar Kodai Festival | ആഘോഷമായി സുടലൈ ആണ്ടവർ കൊടൈ ഉത്സവം, വിരുന്നിന് 1500 കിലോ ആട്ടിറച്ചിയും 2500 കിലോ അരിയും - സുഡലൈ ആണ്ടവർ
തൂത്തുക്കുടി : തെക്കൻ തമിഴ്‌നാട്ടിലെ ഗ്രാമജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയ സുടലൈ ആണ്ടവർ കൊടൈ ഉത്സവം തിരുച്ചെന്തൂർ നഗരത്തിൽ ആഘോഷിച്ചു. ജൂലൈ 25 നാണ് ഉത്സവം നടന്നത്. ആടി മാസത്തിൽ ആഘോഷിക്കപ്പെടുന്ന ചടങ്ങിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. ഉത്സവ ദിവസം വിരുന്നില്‍ 1500 കിലോ ആടിന്‍റെ ബലി മാംസവും 2500 കിലോ അരിയുമാണ് പാചകം ചെയ്‌ത് വിളമ്പിയത്. മായണ്ടി, ഒളിമുത്ത്, മുണ്ടസാമി എന്നി പേരുകളിൽ അറിയപ്പെടുന്ന സുടലൈ ആണ്ടവർ ശവകുടീരങ്ങളുടെ കാവൽ ദൈവമാണെന്നാണ് വിശ്വാസം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാ വർഷവും ഉത്സവം ആഘോഷിക്കുന്നത്. ഉച്ചിക്കൽ പൂജ, സാമക്കൊടൈ, രാത്രി വഴിപാട് എന്നിവയോടെ ആരംഭിച്ച ഉത്സവത്തിന്‍റെ പിറ്റേദിവസമാണ് വിരുന്ന് നൽകുന്നത്. സുടലൈ മാട സ്വാമിക്ക് ഒരിക്കുന്ന വിരുന്നാണ് പിന്നീട് ഭക്തർക്ക് വിളമ്പുന്നത്. ചടങ്ങിനിടെ നടന്ന സംഗീത പരിപാടികളും ഉത്സവത്തിൽ ആകർഷണമായിരുന്നു.