video| നോയിഡയിൽ യുവതിയെ ആക്രമിച്ച് തെരുവുനായ്‌ക്കൾ; ആക്രമണം വളർത്തുനായയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ - ഉത്തർപ്രദേശേ വാർത്തകൾ
നോയിഡ: ഉത്തർ പ്രദേശിൽ സ്‌ത്രീയെ തെരുവുനായക്കൂട്ടം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. നോയിഡയിലെ മഹാഗുൺ മോഡേണിലാണ് സംഭവം. വളർത്തുനായയെ ആക്രമിക്കാൻ തെരുവുനായക്കൂട്ടം ശ്രമിച്ചപ്പോൾ അവയെ തുരത്താൻ യുവതി പല തവണ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
എന്നിട്ടും നായ്‌ക്കൾ പിന്മാറാതെ വന്നപ്പോൾ യുവതി തന്‍റെ ഷിഹ് സൂ ഇനത്തിൽപ്പെട്ട നായയെ ഷാൾ കൊണ്ട് പുതപ്പിച്ച് ഓടുകയായിരുന്നു. പാർക്കിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവതിയെ തെരുവുനായക്കൂട്ടവും പിന്തുടർന്നു. പാർക്കിന് പുറത്തേക്ക് ചാടിയ യുവതിയ്‌ക്ക് പിന്നാലെ നായ്‌ക്കളും ചാടി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിസരത്തേക്ക് പാർക്കിൽ സംഭവം കണ്ടുനിന്ന മറ്റു ചിലർ ഓടിവന്നതോടെ നായ്‌ക്കൾ ഒഴിഞ്ഞുപോയി.
സംഭവത്തിൽ നടപടി എടുക്കണമെന്ന് ദൃശ്യങ്ങൾ പങ്കുവച്ച ഒരു ട്വിറ്റർ ഉപയോക്താവ് നോയിഡ അധികാരികളോട് ആവശ്യപ്പെട്ടു. അധികാരികൾക്ക് കഴിയില്ലെങ്കിൽ സൊസൈറ്റികളെയെങ്കിലും അനുവദിക്കണമെന്നും ഒരു ജീവൻ നഷ്‌ടപ്പെടുന്നതുവരെ കാത്തിരിക്കുകയാണോ എന്നും ഉപയോക്താവ് വിമർശിച്ചു. അതേ സമയം നായ്‌ക്കളെ യുവതി പ്രകോപിപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും ചിലർ അഭിപ്രായപ്പെട്ടു.