Solar case: 'ഉമ്മൻചാണ്ടിക്കൊപ്പം കോൺഗ്രസ് നിന്നു, പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല'; കെസി ജോസഫിന് തിരുവഞ്ചൂരിന്‍റെ മറുപടി
കോട്ടയം:സോളാര്‍ കമ്മിഷനെതിരായസി ദിവാകരന്‍റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്ന കെസി ജോസഫിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍. സോളാർ കേസില്‍ ഉമ്മൻചാണ്ടിക്കൊപ്പം കോൺഗ്രസ് നിന്നു. വ്യത്യസ്‌ത അഭിപ്രായം പാർട്ടിക്ക് ഉള്ളിൽ വന്നിട്ടില്ലെന്ന് കെസി ജോസഫ് പറഞ്ഞു.
അതിൽ കൂടുതൽ എന്ത് ഐക്യദാർഢ്യമാണ് ഉമ്മൻചാണ്ടിക്ക് നൽകേണ്ടത്. സോളാർ വിഷയത്തിൽ കോൺഗ്രസിൽ പ്രതികരിക്കാത്ത ആരും ഇല്ല. പ്രതികരണത്തിന്‍റെ തീവ്രത അളക്കാൻ മെഷീൻ ഇല്ല. എല്ലാ ദിവസവും പ്രതികരിക്കണം എന്നില്ല. നിയമസഭയിൽ വിഡി സതീശൻ അടക്കം സംസാരിച്ചിട്ടുണ്ടെന്നും കെസി ജോസഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പുനഃസംഘടനയില്‍ എ ഗ്രൂപ്പ് നീക്കത്തിനെതിരെയും തിരുവഞ്ചൂർ കടുത്ത വിമർശനം ഉന്നയിച്ചു. ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻചാണ്ടിയെ വലിച്ചിഴയ്ക്കരുത്. രോഗാവസ്ഥയിൽ കഴിയുന്ന ഘട്ടത്തിലും വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ പൊതുസ്വത്താണെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
'സമഗ്രമായ അന്വേഷണം വേണം':സോളാർ വിവാദത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മുൻ മന്ത്രി കെസി ജോസഫ്. സി ദിവാകരന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കെസി ജോസഫ് ജൂണ്‍ നാലിന് ആവശ്യമുന്നയിച്ചത്. സോളാർ കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം നേരത്തെ തങ്ങൾക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസിലെ റിപ്പോർട്ട് എഴുതാൻ ജസ്റ്റിസ് ശിവരാജന് അഞ്ച് കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഈ ആരോപണം ജുഡീഷ്യല്‍ കമ്മിഷനുകളുടെ വിശ്വാസ്യത ആശങ്കയിലേക്ക് നയിക്കുന്നതാണ്. കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കാൻ ജസ്റ്റിസ് ശിവരാജന് കൈക്കൂലി നൽകിയത് ആരാണെന്നും, ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെല്ലാം ഉണ്ടെന്ന സംശയം കേരള സമൂഹത്തിന് ഉണ്ടെന്നും കെസി ജോസഫ് വ്യക്തമാക്കി.