കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം ; ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി - Kottayam rain
കോട്ടയം : കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖല ദുരിതത്തിൽ. മീനച്ചിലാർ കരകവിഞ്ഞതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മൂന്ന് ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്.
മഴ കുറഞ്ഞുവെങ്കിലും കിഴക്കൻ പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിയെത്തുന്നത് കൊണ്ട് വെള്ളപ്പൊക്കം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. നഗരസഭയുടെ വിവിധ വാർഡുകളിലും അയ്‌മനം, പുതുപ്പള്ളി, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം എന്നീ പഞ്ചായത്തുകളിലും പല വീടുകളിലും വെള്ളം കയറി.
ഇല്ലിക്കൽ കവല വഴി ബസ് ഓടുന്നുണ്ടെങ്കിലും വെള്ളക്കെട്ട് ഉണ്ടായതിനാൽ ചെറു വാഹനങ്ങളുടെ കടന്നുപോക്ക് ദുഷ്‌കരമായിട്ടുണ്ട്. കുമ്മനം ഭാഗത്ത് വീടുകളിൽ അകപ്പെട്ടവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. തിരുവാർപ്പിൽ മട വീഴ്‌ചയുണ്ടായി. കർഷകർ ഏറെ പരിശ്രമിച്ചാണ് മട പുനഃസ്ഥാപിച്ചത്.