Kochi metro| കൊച്ചി മെട്രോയില്‍ ഇനി മാമ്പഴക്കാലം; 4 ദിവസം നീളുന്ന ഫ്ലവർ ആൻഡ് മാംഗോ ഫെസ്‌റ്റിന് പ്രൗഢോജ്വല തുടക്കം
എറണാകുളം:കൊച്ചി മെട്രോയില്‍ ഫ്ലവർ ആൻഡ് മാംഗോ ഫെസ്‌റ്റിന് തുടക്കമായി. കൊച്ചി മെട്രോയുടെ ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം നീളുന്ന ഫെസ്‌റ്റ് വൈറ്റില സ്‌റ്റേഷനിൽ കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്‌തു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, മഹാ സുബൈർ വർണ്ണചിത്ര, കെഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വിവിധ തരത്തിലുള്ള ചെടികൾ, മാങ്ങകൾ എന്നിവയ്‌ക്ക് പുറമെ മകാവു, ഇഗ്വാന തുടങ്ങിയ എക്സോട്ടിക് പെറ്റുകളും ഷോയിലുണ്ട്. 30 ഇനം മാങ്ങകൾ വാങ്ങുന്നതിനായും അവസരമൊരുക്കിയിട്ടുണ്ട്. പൂക്കൾ കൊണ്ട് നിർമിച്ച കൊച്ചി മെട്രോയുടെ മോഡൽ മുഖ്യ ആകർഷണമാണ്.
നിരവധി ഫോട്ടോ ബൂത്തുകളും ഷോയെ ആകർഷകമാക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ ചെടികൾ, ഫലവൃക്ഷ തൈകള്‍, ഗാർഡനിങ്ങിനായുള്ള ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമാണ് മറ്റൊരു ആകർഷണം. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് ഫെസ്‌റ്റ് നടക്കുക.
കൊച്ചി മെട്രോയിൽ സഞ്ചരിച്ച് വൈറ്റില സ്‌റ്റേഷനിൽ എത്തി 200 രൂപയ്ക്ക് മുകളിൽ മാങ്ങ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റിന്‍റെ തുക ഇളവ് ലഭിക്കും. ജൂൺ 25 വരെയാണ് ഫ്ലവർ ആൻഡ് മാംഗോ ഫെസ്‌റ്റ് നടക്കുക. കെഎംആർഎൽ താരസംഘടനയായ അമ്മയുമായി ചേർന്ന് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
‘ലൈഫ് ഇൻ എ മെട്രോ’ എന്ന വിഷയത്തിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിച്ചത്. വിജയികളെ അമ്മയിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന വിധികർത്താക്കളുടെ പാനലാണ് തിരഞ്ഞെടുത്തത്. മികച്ച ഷോർട്ട് ഫിലിമുകൾ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
ആറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ വൈവിധ്യമാർന്ന പരിപാടികളാണ് നടന്നു വരുന്നത്. ലോക സംഗീത ദിനത്തിൽ മെട്രോയിലേക്ക് യാത്രക്കാരെ വരവേറ്റത് നിഖിൽ വേലായുധൻ ലൈവ് എന്ന മ്യൂസിക് ബാൻഡ് ആയിരുന്നു. ആലുവ മുതൽ എസ് എൻ ജങ്ഷന്‍ വരെയും തിരിച്ചും കൊച്ചി മെട്രോയിൽ പാട്ട് പാടി സംഘം യാത്ര ചെയ്‌തു.
കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തവർക്ക് പുത്തൻ അനുഭവമാണ് ഗായകസംഘം ലോക സംഗീത ദിനത്തിൽ സമ്മാനിച്ചത്. ഇഷ്‌ട ഗാനങ്ങൾ ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിച്ചതിൽ യാത്രക്കാർ സന്തുഷ്‌ടരായിരുന്നു. നിഖിൽ വേലായുധൻ, റെയ്‌സൺ ജോൺ, അഖിൽ രഘു, എം.കൃഷ്‌ണൻ എന്നിവരാണ് ഗായക സംഘത്തിലെ അംഗങ്ങള്‍.
വൈകിട്ട് അഞ്ച് മണിക്ക് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലും പരിപാടി അവതരിപ്പിച്ചു. ആലുവ സ്‌റ്റേഷനിൽ നാദം മ്യൂസിക്കിലെ വിദ്യാർഥികളുടെ സംഗീത പരിപാടിയും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു.
അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 16ന് കൊച്ചി മെട്രോ ആറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചിരി വര മെട്രോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രമുഖ കാര്‍ട്ടൂണിസ്‌റ്റുകള്‍ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചു നല്‍കി. ജൂണ്‍ 15ന് രാവിലെ മുതല്‍ കൊച്ചി മെട്രോയുടെ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ ഒന്‍പത് പേരടങ്ങുന്ന കാര്‍ട്ടൂണിസ്‌റ്റുകളുടെ സംഘം സഞ്ചരിച്ചാണ് കാരിക്കേച്ചറുകള്‍ വരച്ചത്.