Shashi Tharoor Explanation On Hamas Remarks: 'പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട, എന്നും പലസ്‌തീനൊപ്പം' : ശശി തരൂർ - പലസ്‌തീൻ ഐക്യദാർഢ്യ റാലി
Published : Oct 27, 2023, 11:24 AM IST
കോഴിക്കോട് : ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്‌ലിം ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി (Shashi Tharoor MP). താൻ എന്നും പലസ്‌തീൻ ജനതയ്‌ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം (Shashi Tharoor Explanation On Hamas Remarks). തന്‍റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. പ്രസംഗം ആയുധമാക്കി സിപിഎമ്മും സുന്നി അനുകൂലികളും സമസ്‌ത പോഷക സംഘടന ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ശശി തരൂരിൻ്റെ വിശദീകരണം. ഇന്നലെയാണ് ശശി തരൂർ എം പി മുഖ്യാതിഥിയായി പങ്കെടുത്ത പലസ്‌തീന് ഐക്യദാർഢ്യ മഹാറാലി മുസ്‌ലിം ലീഗ് സംഘടിപ്പിച്ചത്. എന്നാൽ, റാലിക്ക് പിന്നാലെ ചടങ്ങിലെ ശശി തരൂരിന്‍റെ പ്രസംഗം വിവാദമാകുകയായിരുന്നു. മുസലിം ലീഗിന്‍റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്നായിരുന്നു എം സ്വരാജ് സംഭവത്തെ വിമർശിച്ചത്. എന്നാൽ തന്‍റെ പ്രസംഗത്തെ വളച്ചൊടിക്കുകയാണെന്നാണ് ശശി തരൂരിന്‍റെ വാദം. മഹാറാലിയിൽ സമസ്‌തയ്‌ക്ക് ക്ഷണമുണ്ടായിരുന്നില്ല.