കേരളം

kerala

'മിഷന്‍ അരിക്കൊമ്പന്‍' താല്‍കാലിക ആശ്വാസം മാത്രം; വിശ്രമമില്ലാതെ ഇപ്പോഴും ആര്‍ആര്‍ടി സംഘവും വാച്ചര്‍മാരും

ETV Bharat / videos

'മിഷന്‍ അരിക്കൊമ്പന്‍' താത്‌കാലിക ആശ്വാസം മാത്രം; വിശ്രമമില്ലാതെ ഇപ്പോഴും ആര്‍ആര്‍ടി സംഘവും വാച്ചര്‍മാരും

By

Published : May 1, 2023, 10:48 PM IST

ഇടുക്കി:അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തിയായെങ്കിലും ചിന്നക്കനാലിലെ ആര്‍ആര്‍ടി സംഘത്തിനും വാച്ചര്‍മാര്‍ക്കും ഇപ്പോളും വിശ്രമമില്ല. അരിക്കൊമ്പന്‍ മലയിറങ്ങിയെങ്കിലും മറ്റു കാട്ടാനക്കൂട്ടങ്ങള്‍ പ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ ഉറക്കമളച്ച് കാട്ടാന പ്രതിരോധമെന്ന ദൗത്യം തുടരുകയാണ് ഇവര്‍.

കാട്ടാന ആക്രമണത്തില്‍ ശക്തിവേല്‍ എന്ന വനംവകുപ്പ് വാച്ചര്‍ മരണപ്പെട്ടതിന് ശേഷമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിന്നക്കനാലില്‍ സ്പെഷ്യല്‍ ആര്‍ആര്‍ടിക്ക് രൂപം നല്‍കുന്നത്. അതിനായി ആകെ സര്‍ക്കാര്‍ നല്‍കിയത് ഒരു വാഹനം മാത്രം. സ്‌പെഷ്യല്‍ ആര്‍ആര്‍ടിയായി പ്രവര്‍ത്തിക്കുന്നത് ചിന്നക്കനാല്‍ ഫോറസ്‌റ്ററും ഇവിടുത്തെ തന്നെ ജീവനക്കാരും. ഫോറസ്‌റ്റ് സെക്ഷന് കീഴില്‍ വരുന്ന പ്രദേശത്തെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാട്ടാന നിരീക്ഷണത്തിനും ഇവരും ഈ വാച്ചര്‍മാരും മാത്രം. രൂപം നല്‍കിയത് മുതല്‍ ഇന്നുവരെ വീട്ടില്‍ പോകാനോ വിശ്രമിക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാലും ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ ദൗത്യസംഘത്തിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷമാണ് ഇവർക്കുള്ളത്.

ദൗത്യം കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോളും ഇവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. സമീപ പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ രാത്രിയില്‍ ആര്‍ആര്‍ടി സംഘം ഇവിടെ നിലയുറപ്പിച്ചു. വനംമന്ത്രി ഇടുക്കിയിലെത്തിയപ്പോള്‍ കാട്ടാന പ്രതിരോധത്തിനായി പുതിയ ആര്‍ആര്‍ടി സംഘത്തെ ദേവികുളത്ത് നിയോഗിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും അത് വേഗത്തില്‍ നടപ്പിലായില്ലായെങ്കില്‍ ഒരുവിധ സംവിധാനവും ഇല്ലാതെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ടി സംഘത്തിന് വിവിധ പ്രദേശങ്ങളില്‍ ഒരേസമയം ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വരും. ഇത് വീണ്ടും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കും.

ABOUT THE AUTHOR

...view details