കുടകിലെ തണുപ്പില്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ ചൂടു തേടി, ചുരവും മലയും താണ്ടിയൊരു യാത്ര - വയനാട്
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക സംസ്ഥാനത്തിന്‍റെ അതിര്‍ത്തി ജില്ലയായ കുടകിലേക്ക് തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയാന്‍ ഒരു യാത്ര. കേരളത്തിലെ മൂന്ന് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ജില്ലയാണ് കുടക് അഥവാ കൂര്‍ഗ്. പശ്ചിമഘട്ടത്തിലെ കൂര്‍ഗ് മലനിരകളിലാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ജില്ലയിലേക്ക് കേരളത്തില്‍ നിന്ന് വളരെ വേഗം എത്തിച്ചേരാന്‍ കഴിയുന്നത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്നാണ്. തലശ്ശേരി-വളവുപാറ സംസ്ഥാന പാതയിലൂടെ ഏകദേശം രണ്ടു മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് കുടകിലെ പ്രധാന പട്ടണങ്ങളിലൊന്നായ വിരാജ്‌പേട്ടിലെത്താം. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിലെ മാക്കൂട്ടയിലാണ് കേരളത്തിന്‍റെ അതിര്‍ത്തി അവസാനിക്കുന്നത്.
ഇവിടെ നിന്ന് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള ചുരം കടന്ന് വിരാജ്‌പേട്ടിന് സമീപത്തെ പെരുമ്പാടിയിലെത്തുന്നു. ഇവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ വിരാജ്‌പേട്ടിലെത്താം. പശ്ചിമഘട്ട മലനിരകളിലെ പെരുമ്പാടിക്കുന്നിന്‍റെ മനോഹാരിത പിന്നിട്ട് എത്തിച്ചേരുന്നത് സമൃദ്ധമായ കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലേക്കാണ്. ഏക്കര്‍ കണക്കിന് വിസ്‌തൃതിയുള്ള വന്‍കിട തോട്ടങ്ങള്‍ മുതല്‍ രണ്ടും മൂന്നും ഏക്കറുള്ള ചെറുകിട തോട്ടങ്ങള്‍ വരെ ഇവിടെയുണ്ട്.
കാപ്പിക്കു പുറമെ കുരുമുളക്, ഇഞ്ചി, സപ്പോട്ട എന്നിവയും ഇവിടെ സമൃദ്ധമായി വളരുന്നു. കാലി വളര്‍ത്തലും ഇവിടെ ഉപജീവനമാര്‍ഗമാണ്. ഇവയുടെ ഭംഗി ആസ്വദിച്ചും മലനിരകളുടെ കുളിരിലലിഞ്ഞും കുടകിന്‍റെ ഗ്രാമീണ കാഴ്‌ചകളിലൂടെ വെറും ആറ് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ച് വിരാജ്‌പേട്ടിലെത്താം. ഹലേരി നാട്ടു രാജ്യം ഭരിച്ചിരുന്ന ദൊഗ്ഗ വീരരാജേന്ദ്രനാണ് വിരാജ്‌പേട്ട് പട്ടണം സ്ഥാപിച്ചത്. തുടക്കത്തില്‍ ഇതിന്‍റെ പേര് വീരരാജേന്ദ്ര പേട്ട് എന്നായിരുന്നു. ഇതാണ് പിന്നീട് വിരാജ്‌പേട്ട് എന്നായത്.
ഏകദേശം 20,000 ല്‍ താഴെ മാത്രമാണ് ഇവിടെ ജനസംഖ്യ. കുടക് ജില്ലയിലെ മറ്റൊരു പട്ടണം മടിക്കേരിയാണ്. ഇതും പശ്ചിമഘട്ട മലനിരകളുടെ നെറുകയിലാണ് സ്ഥിതി ചെയ്യുന്നത്. വിരാജ്പേട്ടില്‍ നിന്ന് 31 കിലോമീറ്ററാണ് മടിക്കേരിയിലേക്കുള്ള ദൂരം.