ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്; നടപടി സ്വീകരിച്ചത് നോട്ടിസ് പോലും നൽകാതെയെന്ന് എസ് രാജേന്ദ്രൻ - ഭൂമി കയ്യേറ്റം
ഇടുക്കി :ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രന്‍റെ ഭൂമി കയ്യേറ്റം റവന്യു വകുപ്പ് തിരിച്ചുപിടിച്ചു. മൂന്നാർ ഇക്കാ നഗറിലെ ഭൂമിയാണ് റവന്യു വകുപ്പ് ഒഴിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. ഇക്കാ നഗറിലെ ഒമ്പത് സെന്‍റ് ഭൂമിയാണ് മുൻ എംഎൽഎയായ എസ്.രാജേന്ദ്രന്‍റെ കൈവശം ഉണ്ടായിരുന്നത്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും റവന്യു വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് വിഷയത്തിൽ എസ്.രാജേന്ദ്രന്‍റെ പ്രതികരണം.
ദേവികുളം സബ് കലക്‌ടർ രമേശ് കൃഷ്‌ണയുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ വില്ലേജ് അധികൃതരാണ് നടപടി സ്വീകരിച്ചത്. നോട്ടിസ് പോലും നല്‍കാതെയാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് എസ്.രാജേന്ദ്രന്‍ പറയുന്നത്. മൂന്നാര്‍ ഇക്കാ നഗറിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്‍റേതെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്.
ഇവിടെ നിരവധി താമസക്കാരുണ്ട്. ഭൂമി പതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇക്കാ നഗര്‍ സ്വദേശി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നതോടെ, മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എസ്.രാജേന്ദ്രന്‍റെ ഭൂമിയും ഏറ്റെടുത്തത്.