കേരളം

kerala

കയ്യേറ്റം ഒഴുപ്പിച്ച് റവന്യൂ വകുപ്പ്

ETV Bharat / videos

ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ 13 ഏക്കർ കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് - Chinnakanal land encroachments

By

Published : Mar 19, 2023, 4:47 PM IST

Updated : Mar 19, 2023, 7:17 PM IST

ഇടുക്കി:ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ ആദിവാസി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്തു. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 13 ഏക്കർ സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്.

ചിന്നക്കനാലിലെ കയ്യേറ്റം പൂര്‍ണ്ണമായി ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായാണ് റവന്യൂ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. എല്‍സി മത്തായി കൂനം മാക്കല്‍, പാല്‍രാജ് മകൻ പി ജയപാൽ എന്നിവര്‍ കയ്യേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്പര്‍ 8ല്‍ പെട്ട റീ സര്‍വ്വേ നമ്പര്‍ 178ല്‍ ഉള്‍പ്പെട്ട 13 ഏക്കറോളം ഭൂമിയാണ് റവന്യൂ വകുപ്പ് ഒഴിപ്പിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചത്. 

മുമ്പ് കയ്യേറ്റത്തിനെതിരെ നടപടിയുമായിട്ടെത്തിയ റവന്യൂ വകുപ്പിനെതിരെ കയ്യേറ്റക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ രേഖകളുടെ വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യൂ ഭൂമിയാണെന്നും ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും വ്യക്തമായി.

ഈ സാഹചര്യത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാര്‍ നോട്ടിസ് നല്‍കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഭൂമി ഏറ്റെടുത്തത്. കയ്യേറി കൃഷി നടത്തിയ ഭൂമി കയ്യേറ്റക്കാർ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നു. 

ഉടുമ്പൻചോല എൽ ആർ തഹസിൽദാർ സീമ ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്തത്. ഭൂ സംരക്ഷണ സേനയ്‌ക്കൊപ്പം പൊലീസ്, വനം വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് സർക്കാർ ഭൂമി തിരിച്ച് പിടിച്ചത്.

Last Updated : Mar 19, 2023, 7:17 PM IST

ABOUT THE AUTHOR

...view details