കേരളം

kerala

രമേശ്‌ ചെന്നിത്തല

ETV Bharat / videos

വഴിയോര വിശ്രമ കേന്ദ്രം പദ്ധതി അടിമുടി ദുരൂഹവും അഴിമതിയും; കോടികൾ തട്ടിയെടുക്കാനുള്ള ശ്രമം: ആരോപണവുമായി രമേശ്‌ ചെന്നിത്തല - കേരള സർക്കാർ പദ്ധതി

By

Published : Apr 13, 2023, 3:14 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയിൽ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമികൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായി രമേശ്‌ ചെന്നിത്തല ആരോപിച്ചു. സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമി തീറെഴുതി നൽകരുതെന്നും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം. ചേർത്തലയിൽ ജിഎസ്‌ടി വകുപ്പിന്‍റെ ഭൂമിയും മഞ്ചേശ്വരം ബങ്കരയിലുമടക്കം 14 സ്ഥലത്താണ് സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് നൽകാനൊരുങ്ങുന്നത്. ഈ ഭൂമികൾ സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് താൻ സർക്കാറിനോടും പദ്ധതി നടപ്പാക്കുന്ന 'ഓക്കിൽ' എന്ന കമ്പനിയോടും പത്ത് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ ഭൂമി കച്ചവടത്തിൻ്റെ നിഗൂഢ വഴികൾ മുഖ്യമന്ത്രി തുറന്നു സമ്മതിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

വഴിയോര വിശ്രമ കേന്ദ്രത്തിന് എതിരല്ല. എന്നാൽ സ്വകാര്യ കമ്പനികൾക്ക് നൽകി അവർ അത് പണയപ്പെടുത്തിയാൽ ഭൂമി നഷ്‌ടപ്പെടും. സർക്കാരിന് 100% ഓഹരിയുള്ള കമ്പനിയാണ് ഓക്കിൽ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 51 ശതമാനമാണ് സർക്കാർ ഓഹരി. ഓക്കിലിന് കീഴിൽ രൂപീകരിക്കുന്ന റെസ്‌റ്റ് സ്റ്റോപ്പ് കമ്പനിയിൽ 26 ശതമാനവും. ഭൂമിയുടെ ഉടമസ്ഥാവകാശം പിന്നെങ്ങനെയാണ് പൂർണമായും സർക്കാരിൽ നിക്ഷിപ്‌തമാണെന്ന് പറയാനാകുകയെന്നും ചെന്നിത്തല ചോദിച്ചു. 

'ബാജി ജോർജ് ആണ് എം ഡി. ഇയാളെ എങ്ങനെ നിയമിച്ചു എന്ന് വ്യക്തമാക്കണം. വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തി നടത്തേണ്ട പദ്ധതിയാണിത്. ഒറ്റ നോട്ടത്തിൽ ആകർഷകമായി തോന്നും. എന്നാൽ അടിമുടി ദുരൂഹതയും, അഴിമതിയുമാണ് പിന്നിൽ. സർക്കാർ ഭൂമിയിലെ ഒരു ക്രയവിക്രയവും റവന്യൂ വകുപ്പ് അറിയാതെ നടത്താൻ പാടില്ല എന്ന് ഉത്തരവ് നിലനിൽക്കുകയാണ്. എന്നാൽ ഇത് മറികടന്നാണ് പിഡബ്ല്യുഡി വകുപ്പ് മുന്നോട്ട് പോകുന്നത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എതിർപ്പ് അറിയിച്ചപ്പോൾ നിർത്തി വച്ചതാണ് ഈ പദ്ധതി. വഴിയോര വിശ്രമകേന്ദ്രങ്ങൾ കേരളത്തിന് ആവശ്യമാണ്. എന്നാൽ അതിൻ്റെ പേരിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുകയാണ് യഥാർഥത്തിൽ നടക്കുന്നത്', ചെന്നിത്തല കുറ്റപ്പെടുത്തി. കല്യാണം കഴിച്ചവരും കുട്ടികൾ ഉള്ളവരും കെഎസ്‌യുവിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തക്കെതിരെയും വിമർശനം: ലോകായുക്ത നടപടികൾ പ്രതിഷേധാർഹമാണെന്നും ചെന്നിത്തല വിമർശിച്ചു. പരാതിക്കാരനായ ആർ എസ് ശശികുമാറിനെതിരെ നടത്തിയ പേപ്പട്ടി പരാമർശം പ്രതിഷേധാർഹമാണ്. ലോകായുക്ത പരാമർശം പിൻവലിക്കണം. മുഖ്യമന്ത്രിയെ സഹായിക്കാൻ ലോകായുക്ത പ്രവർത്തിക്കുന്നോ എന്ന സംശയം വർദ്ധിച്ച് വരികയാണെന്നും ചെന്നിത്തല പറഞ്ഞു. 

ഈസ്റ്റർ ദിനത്തിലെ ബിജെപിയുടെ അരമന സന്ദർശനത്തിലും ചെന്നിത്തല വിമർശനം ഉന്നയിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് ബിജെപി അരമനകൾ സന്ദർശിച്ചത്. ചെപ്പടി വിദ്യ കൊണ്ട് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാം എന്ന് കരുതണ്ട. ക്രൈസ്‌തവ സമൂഹം ഇത് തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details