'സംഘടന പ്രവര്‍ത്തനം എങ്ങനെയെന്ന് ഡിവൈഎഫ്‌ഐയെ കണ്ട് പഠിക്കണം': പുകഴ്‌ത്തി രമേശ് ചെന്നിത്തല, നന്ദി പറഞ്ഞ് വി കെ സനോജ്
കാസർകോട്:യുവജന സംഘടന പ്രവർത്തനം എങ്ങനെയാകണമെന്ന് ഡിവൈഎഫ്ഐയെ കണ്ടു പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎഫ്ഐ കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനം, ആശുപത്രി കേന്ദ്രീകരിച്ചുള്ള ഭക്ഷണ പൊതി വിതരണം എന്നിവ പൊതു സമൂഹത്തിൽ നല്ല സ്വീകാര്യത ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് സമയത്ത് ഞങ്ങളുടെ യുവജന സംഘടനക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ധാരാളം പ്രവർത്തനങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയും. അതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ചെന്നിത്തല പറഞ്ഞു. പിന്നാലെ ചെനിത്തലയ്ക്ക് നന്ദി പറഞ്ഞ് ഡിവൈഎഫ്ഐയും രംഗത്ത് എത്തി. രമേശ് ചെന്നിത്തല കോൺഗ്രസ് വേദിയിൽ ഡിവൈഎഫ്ഐ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയെന്നും അത് ഞങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപൃതവും മാതൃകാപരവുമായി മുന്നോട്ട് കൊണ്ട് പോകാൻ ഊർജ്ജം പകരുന്നതാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
യൂത്ത് കോൺഗ്രസിനടക്കം ഈ നിലയിൽ സമൂഹത്തിൽ ഗുണാത്മകമായ മാറ്റങ്ങൾ കൊണ്ട് വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിയട്ടെ. നമ്മുടെ നാളേകൾ കൂടുതൽ സുന്ദരമാകട്ടെ എന്നും വി കെ സനോജ് ഫേസ്‌ബുക്കിൽ കുറിച്ചു.